ആ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മമ്മൂട്ടിയുടെ ആവശ്യമില്ല - ജോൺ പോൾ

മലയാളത്തിന്റെ മഹാനടൻ

മലയാളത്തിന്റെ മഹാനടൻ ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം അത് കൊട്ടാരക്കര ശ്രീധരൻ നായർ എന്നാണ്. 'ചെമ്മീൻ' എന്ന ചിത്രത്തിൽ വികാരങ്ങളുടെ തിരയിളക്കം കൊണ്ട് ചെമ്പൻകുഞ്ഞായി നിറഞ്ഞാടുകയായിരുന്നു അദ്ദേഹം. ആ സിനിമയിലെ പ്രധാനകഥാപാത്രം കടലും അത് കഴിഞ്ഞാൽ കൊട്ടാരക്കരയുമാണ്.


സത്യനും മധുവും ഷീലയുമൊക്കെയുണ്ടെങ്കിലും ആ സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത് ചെമ്പൻകുഞ്ഞാണ്. ആർത്തിയുടേയും നിസ്സഹായതയുടേയും പ്രതീകമായ ചെമ്പൻകുഞ്ഞ്.

കഥാപാത്രം: ചെമ്പൻ‌കുഞ്ഞ്
അഭിനേതാവ്​: കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്

നീറുന്ന നൊമ്പരമായി ചെല്ലപ്പൻ


കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ സത്യൻ അവതരിപ്പിച്ച ചെല്ലപ്പൻ എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. ഇന്നും നീറുന്ന നൊമ്പരമാണ് ചെല്ലപ്പൻ. അതേസമയം, അടിച്ചമർത്തപ്പെട്ട തൊഴിലാളിയുടെ രോഷമായിരുന്നു അയാൾ. രോഷവും നൊമ്പരവും അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.



കഥാപാത്രം: ചെല്ലപ്പൻ
അഭിനേതാവ്​: സത്യൻ
സിനിമ: അനുഭവങ്ങൾ പാളിച്ചകൾ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ



മലയാളത്തിന്റെ മൂന്നാം മുറക്കാരൻ



മധു അനശ്വരമാക്കിയ കഥാപാതങ്ങളിൽ ഏറ്റവും മികച്ച് നിൽക്കുന്നത് പി.എൻ മേനോൻ സംവിധാനം ചെയ്ത മാപ്പുസാക്ഷി എന്ന ചിത്രത്തിലേതാണ്. ഒരു നടന്റെ ജീവിതത്തിൽ സംഭവിക്കുന്ന അഭിനയപ്രകാശനത്തിന്റെ ജ്വലിക്കുന്ന മുഹൂർത്തമാണ് ആ കഥാപാത്രം.



അഭിനേതാവ്​: മധു
സിനിമ: മാപ്പുസാക്ഷി (1972)
സംവിധാനം: പി.എൻ മേനോൻ


Full View

പ്രേക്ഷക മനസ് ഉഴുതുമറിച്ച ​ഗോപി



കൊട്ടാരക്കര കഴിഞ്ഞാൽ‌ മഹനടൻ ഭരത് ​ഗോപിയാണ്. ഭരതൻ സംവിധാനം ചെയ്ത 'മർമ്മരം' എന്ന ചിത്രത്തിൽ ​'ഗോപി' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിൽ രണ്ട് രംഗങ്ങളിലൂടെ പ്രേക്ഷക മനസ് ഉഴുതുമറിച്ചാണ് ആ കഥാപാത്രം പോകുന്നത്. അളന്നുമുറിച്ച ഭരത്​ഗോപിയുടെ അഭിനയ സഞ്ചാരമാണ് ഈ കഥാപാത്രത്തെ വേറിട്ടതാക്കിയത്.



കഥാപാത്രം: ​ഗോപി
അഭിനേതാവ്​: ഭരത് ​ഗോപി
സിനിമ: മർമ്മരം (1983)
സംവിധാനം: ഭരതൻ

ആരാധന തോന്നുന്നവോരോടെല്ലാം ശ്രീവിദ്യക്ക് പ്രണയമായിരുന്നു


ചെറിയ ചലനം കൊണ്ടും നോട്ടം കൊണ്ടും പ്രേക്ഷകമനസിൽ കൂട്കൂട്ടിയ നടിയാണ് ശ്രീവിദ്യ. ഭരതൻ സംവിധാനം ചെയ്ത 'കാറ്റത്തെക്കിളിക്കൂട്' എന്ന ചിത്രത്തിൽ 'ശാ​രദ' എന്ന കഥാപാത്രത്തൊയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ശ്രീവിദ്യക്ക് മാത്രം ചെയ്യാനാവുന്ന കഥാപാത്രമാണ് ശാരദ. പ്രായത്തിനിണങ്ങുന്ന വേഷങ്ങളിലൂടെ പ്രണയം അഭിനയിച്ചാണ് ശ്രീവിദ്യ പ്രേക്ഷകമനസിൽ ഇടം നേടിയത്.



കഥാപാത്രം: ​ശാരദ
അഭിനേതാവ്​: ശ്രീവിദ്യ
സിനിമ: കാറ്റത്തെക്കിളിക്കൂട് (1983)
സംവിധാനം: ഭരതൻ

ഉമ്മാച്ചുവായി ജീവിച്ച ഷീല


നായികയായും ഉപനായികയായും ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞാടിയ നടിയാണ് ഷീല. ഉമ്മാച്ചു എന്ന കഥാപാത്രത്തെയാണ് ഷിലയുടെ വാഴ്ത്തപ്പെട്ട മറ്റേത് കഥാപാത്രത്തേക്കാളും ഇഷ്ടം. ഉറൂബ് മനസിൽ കണ്ടതിന്റെ ഇരട്ടിയാണ് തിരശ്ശീലയിൽ ഷീല അവതരിപ്പിച്ചത്.

കഥാപാത്രം: ​ഉമ്മാച്ചു
അഭിനേതാവ്​: ഷീല
സിനിമ: ഉമ്മാച്ചു (1971)
സംവിധാനം: പി. ഭാസ്കരൻ

മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി മാത്രം



സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടിയുടേതായുണ്ട്. അതിലൊന്നാണ് 'അമര'ത്തിലെ 'അച്ചൂട്ടി' എന്ന കഥാപപാത്രം. എന്നാൽ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം 'തനിയാവർത്തന'ത്തിലെ 'ബാലൻ മാഷ്' ആണ്. അതുവരെ കണ്ട മമ്മൂട്ടി കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായിരുന്നു ബാലൻ മാഷ്. ചിത്രത്തിൽ അമ്മയുടെ വിഷം പുരട്ടിയ ഉരുളകൾക്ക് വേണ്ടിയുള്ള ബാലൻ മാഷിന്റെ കാത്തിരിപ്പ് രം​ഗം ഒരിക്കലും മനസിൽ നിന്ന് മായില്ല. പറയാൻ ബാക്കി വെച്ചത് ഒരു മൂളലിലൂടെയും കണ്ണിന്റെ വിറയലിലൂടെയും ശരീരഭാഷയിലൂടെയും പ്രകടപ്പിക്കാൻ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ.


എന്നാൽ മമ്മൂട്ടിയുടെ ശത്രു അദ്ദേഹം തന്നെയാണ്. നിലവിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ആർക്കും കഴിയും. എന്നാൽ തനിക്ക് മാത്രം വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ ഈ നല്ല നടനെ കാത്തിരിക്കുന്നുണ്ട്.

കഥാപാത്രം: ​ബാലൻ മാസ്റ്റർ
അഭിനേതാവ്​: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ


Full View

എരിഞ്ഞാടിയ കല്ലൂർ ​ഗോപിനാഥൻ




ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വാതന്ത്ര്യം നൽകുന്ന നടനാണ് മോഹൻലാൽ. 'ഭരതം' എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച 'കല്ലൂർ ​ഗോപിനാഥൻ' മോഹൻലാലിന്റെ മികച്ച കഥാപാത്രമാണ്. യഥാർഥ്യത്തിൽ നിന്നകന്ന് പ്രത്യേക പാത്രാവിഷ്കാരമാണ് കല്ലൂർ ​ഗോപിനാഥൻ. എഴുത്തുകാരനും സംവിധായകനും വേണ്ടത് എന്താണെന്ന് മനസിലാക്കി അത് അതുപോലെ നൽകാൻ കഴിവുള്ള നടൻ മോഹൻലാൽ മാത്രമാണ്. ഭരതം പോലുള്ള ചിത്രങ്ങളിൽ മോഹൻലാൽ അമ്പരപ്പിക്കുന്ന ഭാവാഭിനയത്തിലൂടെ പ്രേക്ഷകരെ മോഹിപ്പിക്കുകയാണ്. അത് പകർന്നാട്ടമായിരുന്നില്ല, എരിഞ്ഞാട്ടമായിരുന്നു.



കഥാപാത്രം: ​കല്ലൂർ ​ഗോപിനാഥൻ
അഭിനേതാവ്​: മോഹൻലാൽ
സിനിമ: ഭരതം (1991)
സംവിധാനം: സിബി മലയിൽ

കള്ളൻ പവിത്രന്റെ നിറഞ്ഞാട്ടം



പവിത്രതയും കള്ളത്തരവും ചേരുന്ന 'കള്ളൻ പവിത്രനെ'ന്ന കഥാപാത്രമാണ് നെടുമുടി വേണുവിന്റെ മറക്കാനാവാത്ത കഥാപാത്രം. കള്ളനും പവിത്രതയും ഒരേ വശമാണെന്ന് വിളിച്ചു പറഞ്ഞ കഥാപാത്രമാണത്. വേണുവിന്റെ നിറഞ്ഞാട്ടമായിരുന്നു കള്ളൻ പവിത്രൻ.



 
കഥാപാത്രം: ​പവിത്രൻ
അഭിനേതാവ്​: നെടുമുടി വേണു
സിനിമ: കള്ളൻ പവിത്രൻ (1981)
സംവിധാനം: പദ്മരാജൻ

ഭാനുവിന്റെ എരിഞ്ഞാട്ടം



 ലോഹിതദാസ് സംവിധാനം ചെയ്ത 'കന്മദം' എന്ന ചിത്രത്തിലെ 'ഭാനു' എന്ന കഥാപാത്രം മഞ്ജുവാര്യറുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. നായിക പകിട്ടില്ലാത്ത കഥാപാത്രമാണ് ഭാനു. ചിത്രത്തിൽ മഞ്ജുവിന്റേത് പ്രതീക്ഷിക്കുന്നതിലും മുകളിലുള്ള പ്രകടനമാണ്.

മഞ്ജുവാര്യർ അഭിനയിച്ചതിനാൽ മാത്രമാണ് ആ കഥാപാത്രം ഇന്നും ജ്വലിച്ച് നിൽക്കുന്നത്. ഒറ്റക്ക് പടപൊരുതി നിൽക്കുന്ന ചേകവത്തിയെ പോലെയാണ് ഭാനു. ഇന്നും ആ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നീറുന്നു.



 കഥാപാത്രം: ​ഭാനു
അഭിനേതാവ്​: മഞ്ജു വാര്യർ
സിനിമ: കന്മദം (1998)
സംവിധാനം: ലോഹിതദാസ്


Full View



Tags:    
News Summary - Jhon Paul, Best character in Malayalam Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.