'ഇതര സംസ്ഥാനക്കാരെങ്കിലും ഇവരും മനുഷ്യരാണ്​'

അരപ്പറ്റ: ''ഇതര സംസ്ഥാനക്കാരാണെങ്കിലും ഇവരും മനുഷ്യരല്ലേ''-തേയിലത്തോട്ടങ്ങളിലെ ജോലിക്കായി ജില്ലയിലെത്തിച്ച ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ ദയനീയാവസ്ഥ കണ്ട് നാട്ടുകാർ ചോദിക്കുന്നു. എച്ച്.എം.എൽ അരപ്പറ്റ എസ്റ്റേറ്റ് ഡിവിഷനുകളിൽ പാർപ്പിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന അസം സ്വദേശികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ കഴിയുന്നത്. ചോർന്നൊലിക്കുന്ന പാടിമുറികളിൽ നനയാതെ കിടന്നുറങ്ങാനുള്ള സൗകര്യം പോലുമില്ല. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ട മുറികളിൽ വെളിച്ചവുമില്ല. ശുദ്ധജലമോ ആഹാരസാധനങ്ങളോ ഇവർക്ക് ലഭ്യമല്ല. ഇവർ സ്വന്തം െചലവിൽ വാങ്ങിയ കുറച്ച് അരിയും സവാളയും ഉരുളക്കിഴങ്ങും പച്ചമുളകുമാണ് ആകെയുള്ളത്. പുതക്കാൻ പുതപ്പോ മാറിയുടുക്കാൻ വസ്ത്രങ്ങളോ ഇല്ല. നാട്ടുകാരാണ് ഏതാനും പഴയ വസ്ത്രങ്ങൾ ഇവർക്കെത്തിച്ചുകൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുമ്പോൾ പാലിക്കേണ്ട നിയമവ്യവസ്ഥകളൊന്നും തൊഴിലുടമ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. താഴെ അരപ്പറ്റ, മേലെ അരപ്പറ്റ, നെടുങ്കരണ എന്നീ ഡിവിഷനുകളിലെ വിവിധ പാടിമുറികളിലാണ് രണ്ടാഴ്ചയിലധികമായി അസം മുരിഗാവ് ജില്ലക്കാരായ ഏതാനും തൊഴിലാളി കുടുംബങ്ങളെ എസ്േറ്ററ്റ് അധികൃതർ കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണം പാകംചെയ്യാൻ വിറകുപോലുമില്ലാത്ത സ്ഥിതിയാണ്. സ്ത്രീകളും പിഞ്ചുകുട്ടികളും പുരുഷന്മാരുമെല്ലാമടങ്ങുന്ന കുടുംബങ്ങളാണ് ഇങ്ങനെ വന്നിട്ടുള്ളത്. വൃത്തിഹീനമായ ചുറ്റുപാടിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്ന ഇവർക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എച്ച്.എം.എൽ അരപ്പറ്റ എസ്‌റ്റേറ്റിനു കീഴിൽ വരുന്ന വിവിധ ഡിവിഷനുകളിലായി 50ൽപരം തൊഴിലാളി കുടുംബങ്ങളെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇങ്ങനെ കൊണ്ടുവന്ന് പാർപ്പിച്ച് ജോലി ചെയ്യിക്കുന്നുവെന്നാണ് വിവരം. ദിവസം 300 രൂപ കൂലി എന്ന വ്യവസ്ഥയിലാണ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. മറ്റൊരാനുകൂല്യവും ലഭിക്കുന്നില്ലെന്ന് താഴെ അരപ്പറ്റ പാടിയിൽ കഴിയുന്ന മൂർത്തി ബോർ, മുഹറുദ്ദീൻ എന്നിവർ പറഞ്ഞു. ഒന്നിൽ കൂടുതൽ കുടുംബങ്ങളെയാണ് ഒറ്റമുറി പാടികളിൽ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ സർവിസിൽനിന്ന് പിരിയുന്ന തൊഴിലാളികൾക്ക് പകരം പുതിയ ആളുകളെ കമ്പനി ജോലിക്കെടുക്കുന്നില്ല. ഇതര സംസ്ഥാനക്കാരാകുമ്പോൾ മറ്റൊരാനുകൂല്യവും നൽകേണ്ടതില്ല എന്ന ലാഭവും കമ്പനി ലക്ഷ്യമിടുന്നു. ഫാക്ടറി ജോലികൾക്കായി ഝാർഖണ്ഡ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വേറെയും തൊഴിലാളികളെ കമ്പനി നാളുകൾക്ക് മുമ്പുതന്നെ ജോലിക്ക് കൊണ്ടുവന്നിട്ടുള്ളതായും സൂചനയുണ്ട്. നിയമവ്യവസ്ഥകളൊന്നും കമ്പനി പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി സംരക്ഷണ നിയമത്തി​െൻറ പരിരക്ഷ ലഭിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. തൊഴിലാളികളെ ജില്ലയിലെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യണം. അവർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങളൊരുക്കുകയും വേണം. ഇതെല്ലാം തൊഴിലുടമയുടെ ചുമതലയാണ്. എന്നാൽ, ജില്ലയിലെ തൊഴിൽ വകുപ്പ് അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ നോക്കുകുത്തിയാകുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.