കോണ്‍ഗ്രസ് ആസൂത്രിതമായി കാലുവാരിയെന്ന് ആക്ഷേപം

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ നിയോജക മണ്ഡലത്തിലെ യു.ഡി.എഫിന്‍െറ തോല്‍വി പ്രവാചക നിന്ദയെ തുടര്‍ന്നുണ്ടായ പ്രതിഷേധം കൊണ്ടാണെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ധിറുതി കാട്ടുന്നത് ആസൂത്രിതമായ കാലുവാരല്‍ മറച്ചുവെക്കാനാണെന്ന് മുന്നണിയിലെ ഘടകകക്ഷിനേതാക്കളുടെ ആക്ഷേപം. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാര്‍ സി.പി.എമ്മിലെ സി.കെ. ശശീന്ദ്രനോട് 13000ല്‍പരം വോട്ടിന് തോറ്റതിനു പിന്നാലെയാണ് ന്യൂനപക്ഷവോട്ടുകളിലെ ചോര്‍ച്ചയാണ് തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി. പ്രസിഡന്‍റ് അടക്കമുള്ളവര്‍ പ്രതികരണങ്ങളുമായി രംഗത്തത്തെിയത്. എന്നാല്‍, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെ വന്‍ചോര്‍ച്ചയെക്കുറിച്ച് മിണ്ടാതെ ലീഗ് കേന്ദ്രങ്ങളിലെ താരതമ്യേന കുറഞ്ഞ വോട്ട് ചോര്‍ച്ച പര്‍വതീകരിച്ചുകാട്ടുന്നതിനു പിന്നിലെ ചേതോവികാരം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് പേരുവെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട ഉന്നത ലീഗ് നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍െറ മറവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ആസൂത്രിതമായി കാലുവാരിയതാണ് കനത്ത തിരിച്ചടിക്ക് മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കാലുവാരലിന്‍െറ തുടര്‍ച്ചയാണ് വന്‍തിരിച്ചടിക്ക് വഴിവെച്ചതെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പടിഞ്ഞാറത്തറ, മൂപ്പെനാട്, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെന്നും അതു ലഭിച്ചില്ളെന്നും ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് കുറ്റപ്പെടുത്തിയിരുന്നു. മാനന്തവാടിയിലെ തോല്‍വിക്ക് അദ്ദേഹം കുറ്റപ്പെടുത്തിയത് ലീഗ് കേന്ദ്രങ്ങളായ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലെ വോട്ടു ചോര്‍ച്ചയാണ്. അതേസമയം, കല്‍പറ്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശക്തിയുള്ളതും യു.ഡി.എഫിന്‍െറ ശക്തികേന്ദ്രവുമായ മുട്ടില്‍ പഞ്ചായത്തില്‍ 1700ല്‍പരം വോട്ടുകള്‍ക്ക് മുന്നണി പിന്നിലായതിനെക്കുറിച്ചും മാനന്തവാടിയില്‍ വോട്ടുചോര്‍ന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ളെന്നാണ് ഘടകകക്ഷിനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ജനതാദള്‍ ഐക്യമുന്നണിയില്‍നിന്ന് മറുകണ്ടംചാടിയാല്‍ കല്‍പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാവാന്‍ കച്ചമുറുക്കിയിരുന്ന നേതാവിന് സ്വാധീനമുള്ള ബൂത്തുകളിലെല്ലാം അപ്രതീക്ഷിതമായി ശശീന്ദ്രന് വന്‍ ലീഡ് ലഭിച്ചു. മുട്ടിലില്‍ രണ്ടു ബൂത്തുകളില്‍ മാത്രമാണ് യു.ഡി.എഫ് മേധാവിത്വം നേടിയത്. ഇത് ലീഗിന് സ്വാധീനമുള്ള മേഖലയിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥി രംഗത്തുണ്ടായിട്ടും 150ല്‍പരം വോട്ടിന്‍െറ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ച വാര്‍ഡില്‍ 236 വോട്ടാണ് ഇത്തവണ എല്‍.ഡി.എഫിന് ലീഡ് ജയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ എന്‍.ഡി. അപ്പച്ചന്‍, പി.ടി. ഗോപാലക്കുറുപ്പ് എന്നിവരുടെ തട്ടകമായ കാക്കവയലില്‍ ഒരു ബൂത്തില്‍ മാത്രം സി.പി.എം സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷം 319 വോട്ടാണ്. ഈ മേഖലയില്‍ പരമ്പരാഗതമായി യു.ഡി.എഫ് ജയിക്കുന്ന വാര്‍ഡുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥി ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസിന് ശക്തിയുള്ള മിക്ക സ്ഥലങ്ങളിലും യു.ഡി.എഫ് പിന്നിലാണെന്നു ചൂണ്ടിക്കാട്ടുന്ന മുസ്ലിം ലീഗ്, നിയോജക മണ്ഡലത്തില്‍ ശ്രേയാംസ്കുമാര്‍ 300ന് മുകളില്‍ ലീഡ് നേടിയ മൂന്നു ബൂത്തുകളും ലീഗ് ഒറ്റക്കുനിന്നാല്‍ ജയിക്കുന്ന വാര്‍ഡുകളിലേതാണെന്നും വിശദീകരിക്കുന്നു. പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, പൊഴുതന, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലീഗിന്‍െറ ശക്തികേന്ദ്രങ്ങളില്‍ ശശീന്ദ്രന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് ലഭിച്ചതെന്നും പാര്‍ട്ടി കണക്കുനിരത്തുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ ജി.യു.പി.എസ് കേന്ദ്രമായ 39ാം നമ്പര്‍ ബൂത്തില്‍ 361 വോട്ടിന്‍െറ ഭൂരിപക്ഷം ശ്രേയാംസ്കുമാറിനുണ്ട്. കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞകുന്ന് പ്രദേശം ഉള്‍പ്പെടുന്ന ജി.എച്ച്.എസ് കോട്ടത്തറ കേന്ദ്രമായ 21ാം നമ്പര്‍ ബൂത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 347 വോട്ടിന്‍െറ ലീഡ് നേടിയപ്പോള്‍ മൂപ്പൈനാട് പഞ്ചായത്തിലെ നെടുങ്കരണ സി.എം.എസ്.യു.പി.എസ് കേന്ദ്രമായ 136ാം വാര്‍ഡില്‍ 340 വോട്ടിന്‍െറ മുന്‍തൂക്കവും സ്വന്തമാക്കി. വെങ്ങപ്പള്ളി പഞ്ചായത്തില്‍ ലീഗിന് സ്വാധീനമില്ലാത്ത മൂരിക്കാപ്പ് 79ാം ബൂത്തിലും തെക്കുംതറ 78ാം ബൂത്തിലും ശശീന്ദ്രന്‍ നേടിയ ലീഡ് യഥാക്രമം 556ഉം 404ഉം ആണ്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് പരാജയഭാരം മുഴുവന്‍ ലീഗിന്‍െറ മേല്‍ ചാര്‍ത്താനുള്ള കോണ്‍ഗ്രസിന്‍െറ വ്യഗ്രത സംശയമുളവാക്കുന്നതാണെന്നും നേതാക്കള്‍ പറയുന്നു. മാനന്തവാടി നഗരസഭയില്‍ ലീഗിനേക്കാള്‍ സ്വാധീനമുള്ള കക്ഷി കോണ്‍ഗ്രസാണ്. ഇവിടെ, കോണ്‍ഗ്രസിലെ ഒരു വിഭാഗം വളരെ ആസൂത്രിതമായി പി.കെ. ജയലക്ഷ്മിയെ കാലുവാരി. വിമതപ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ടവര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ അപ്രതീക്ഷിത പരാജയം പിണയുകയായിരുന്നുവെന്നും ഘടകകക്ഷികള്‍ പറയുന്നു. പി.വി. ജോണിന്‍െറ ആത്മഹത്യ ഉയര്‍ത്തിയ വിവാദത്തില്‍ പരിഹാരനടപടികളൊന്നുമെടുക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടതും പരാജയത്തിന് വഴിയൊരുക്കിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.