തിരുവനന്തപുരം: വേനൽമഴയിൽ ജില്ലയെ പ്രളയസമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ചത് ജില്ലഭരണകൂടത്തിൻെറ പിടിപ്പുകേടാണെന്ന ആക്ഷേപം വ്യാപകം. ഒരു മുന്നറിയിപ്പും കൂടാതെ ഡാമിൻെറ അഞ്ച് ഷട്ടറുകളും തുറന്നതിനെതിരെ ജില്ല ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ രംഗത്തെത്തി. ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുമ്പ് നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.'വെള്ളത്തിൻെറ അളവ് കൂടിയതുകൊണ്ട് ഷട്ടര്‍ തുറന്നുവിട്ടതായിരിക്കാം. എന്നാല്‍ അത്തരം അറിയിപ്പ് നഗരസഭക്ക് ലഭിച്ചില്ല. അതുകൊണ്ടുതന്നെ ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര അണക്കെട്ടിലെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം അപ്രതീക്ഷിതമായി തുറന്നതാണ് കരമനയാറിൻെറ തീരങ്ങൾ വെള്ളത്തിലാവാൻ കാരണം. വ്യാഴാഴ്ച രാത്രി രണ്ടോടെയാണ് ഡാമിൻെറ അഞ്ചെണ്ണവും തുറന്നത്. ഡാം തുറക്കുന്നതിനുമുമ്പ് ചുമതലയുള്ള വകുപ്പും ജില്ല ഭരണകൂടവും െപാലീസും ജനങ്ങൾക്ക് മുന്നറിയപ്പു നൽകേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള യാതൊരു നടപടിയും ജില്ല ഭരണകൂടത്തിൻെറ ഭാഗത്തുനിന്നുണ്ടായില്ല. നടപടികളെല്ലാം പാലിച്ചാണ് ഡാം തുറന്നതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. നാല് ഷട്ടറുകൾ 1.25 മീറ്ററും ഒരെണ്ണം 1.5 മീറ്ററുമാണ് ഉയർത്തിയത്. ഇതോടെ വെള്ളം കുത്തിയൊലിച്ച് നദി കരകവിയുകയായിരുന്നു. മലയോരമേഖലകളിൽ നിർത്താതെ പെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചതിനാലാണ് ഷട്ടറുകൾ തുറന്നതെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ വെള്ളം കൂടുതൽ ഒഴുകിയെത്തിയിട്ടും വേണ്ട ശ്രദ്ധ നൽകിയില്ലെന്നും ആരോപണമുണ്ട്. 46.5 അടിയാണ് അരുവിക്കരയുടെ പരമാവധി സംഭരണശേഷി. 46.2 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കും. നഗരം മുഴുവൻ വെള്ളത്തിലായതോടെ വെള്ളിയാഴ്ച വൈകീട്ട് രണ്ട് ഷട്ടറുകൾ അടക്കുകയും മറ്റ് മൂന്ന് ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നത് ഭരണകൂടത്തിൻെറ വീഴ്ചയാണെന്ന് സി.എം.പി ആരോപിച്ചു. വെള്ളം കയറി പട്ടിണിയിലായ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തരമായി വില്ലേജ് ഓഫിസ് വഴി ദുരിതാശ്വാസം ഏർപ്പെടുത്തണമെന്ന് ജില്ല സെക്രട്ടറി എം.ആർ. മനോജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.