കിളിമാനൂർ: വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാരവിവർമയുടെ 172ാമത് ജന്മദിനാഘോഷം ജന്മനാട്ടിൽ രാജാരവിവർമ കൾചറൽ സൊസൈറ്റിയും പുരോഗമന കലാസാഹിത്യ സംഘവും ഓൺലൈനായി നടത്തി. വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് കൊറോണ കാലത്തെ അനുസ്മരണം നടന്നത്. രവിവർമ ജനിച്ചുവളർന്ന കൊട്ടാരവും ചിത്രരചന നടത്തിയ സ്റ്റുഡിയോയും അദ്ദേഹത്തിൻെറ പ്രധാനപ്പെട്ട കലാസൃഷ്ടികളും കണ്ടുകൊണ്ടാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയും സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ പ്രൊഫ.വി.എൻ. മുരളി വിഡിയോ സന്ദേശത്തിലൂടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരനും കഴിഞ്ഞ വർഷത്തെ രാജാരവിവർമ അവാർഡ് ജേതാവുമായ കാരക്കാമണ്ഡപം വിജയകുമാർ, ലളിതകല അക്കാദമി മുൻ സെക്രട്ടറിയും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ, കിളിമാനൂർ ഷാജി, സൊസൈറ്റിയുടെ രവിവർമ അവാർഡ്ജേതാവ് മുരളി നാഗപ്പുഴ, ബി. പ്രേമചന്ദ്രൻ, എസ്. ശ്രീകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മുരളി നാഗപ്പുഴയുടെ അവാർഡ് നേടിയ ചിത്രം 'കുട്ടിക്കാല സ്വപ്നങ്ങൾ' പ്രദർശിപ്പിച്ചു. കിളിമാനൂരിൽ ഷാജിയുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തുന്ന ചിത്രരചനയും പ്രദർശിപ്പിച്ചു. സൊസൈറ്റി പ്രസിഡൻറ് എം. ഷാജഹാൻ അധ്യക്ഷനായിരുന്നു ബി. പ്രേമചന്ദ്രൻ, എസ്. ശ്രീകുമാർ എന്നിവർ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പ്രസാദ് സ്വാഗതവും സൊസൈറ്റി സെക്രട്ടറി എസ്. രഘുനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.