തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ജനുവരി 20ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലേക്കും മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേക്കും 6 മുനിസിപ്പൽ കോർപറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015നുശേഷം ഉപെതരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ ഉപയോഗിച്ച വോട്ടർ പട്ടികയും മറ്റ് വാർഡുകളിൽ 2015ലെ വോട്ടർ പട്ടികയും അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാനതീയതി ഫെബ്രുവരി 14 ആണ്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാം. തിരുത്തലുകൾ സ്ഥലംമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനക്ക് ലഭിക്കും. കമ്മീഷൻ വെബ് സൈറ്റ് www.lsgelection.kerala.gov.inലും പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ കക്ഷികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികൾക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റ് രാഷ്ട്രീയ കക്ഷികൾക്കും വ്യക്തികൾക്കും നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പട്ടിക ലഭിക്കും. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം നടത്തിയതിന് ശേഷം പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക വീണ്ടും ഭാഗങ്ങളാക്കി പ്രസിദ്ധീകരിക്കുന്നതും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമമാക്കുന്നതുമാണ്. വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് കലക്ടർമാർ ജില്ലതല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജനുവരി 20ന് മുമ്പ് വിളിച്ചുചേർക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.