വർക്കല: ശിവഗിരിയിൽ അനുമതിയില്ലാതെ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാനാവുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തോട് നികത്തിയെന്ന പരാതിയെ തുടർന്ന് ശിവഗിരിയിലെ ഒാഡിറ്റോറിയം നിർമാണം മുടങ്ങിയതിനെതിരെ തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി വിശാലാനന്ദ എന്നിവർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.ഇതിനാണ് തീർഥാടന സമാപന സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗത്തിനു ശേഷം മന്ത്രി കടകംപള്ളി മറുപടി പറഞ്ഞത്. സന്യാസിമാർ പരസ്യമായി നിലപാടും പ്രതികരണവും കൈക്കൊണ്ടത് ശരിയായില്ലെന്ന അതൃപ്തി തുറന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി മറുപടി ആരംഭിച്ചത്. നിയമം എല്ലാവർക്കും ബാധകമാണ്. നിയമം ലംഘിച്ച ശേഷം നഗരസഭയെയോ, സർക്കാറിനെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവെക്കാനുമാവില്ല. ജാതിയില്ലാ വിളംബര മ്യൂസിയവും കൺവെൻഷൻ സൻെററും തീർഥാടന ഒാഡിറ്റോറിയവും നിർമാണം മുടങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ എന്തു ചെയ്യാനാാകുമെന്ന് പരിശോധിച്ച് സർക്കാറിൻെറ പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ സാധിക്കുന്നവയെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തീർഥാടന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകില്ലെന്ന പരാതിയും ശ്രദ്ധയിൽപെട്ടെന്ന് പറഞ്ഞ മന്ത്രി വിദ്യാഭ്യാസ വകുപ്പിൻെറ കലണ്ടർ മാറ്റാനും തിരുത്താനും സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. ശേഷം സംസാരിച്ച സ്വാമി വിശുദ്ധാനന്ദ വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് അറിയിച്ചതിനെ സ്വാഗതം ചെയ്തു. മന്ത്രി സഹായം വാഗ്ദാനം ചെയ്തതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.