എല്ലാ ജില്ലകളിലും ആൻറി ഹ്യൂമൻ ട്രാഫിക്കിങ് ക്ലബ് ആരംഭിക്കുമെന്ന് മന്ത്രി തിരുവനന്തപുരം: ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ-കുട്ടിക്കടത്ത് വിമുക്ത കേരളത്തിനായി വനിത-ശിശുവികസന വകുപ്പ് സംസ്ഥാനത്ത് ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 95.87 ലക്ഷം രൂപ അനുവദിച്ചു. കുട്ടിക്കടത്തിനെ പ്രതിരോധിക്കുന്നതിൻെറ ഭാഗമായി കോളജ് വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയും പൊലീസ് പിന്തുണയോടെയും എല്ലാ ജില്ലകളിലും ആൻറി ഹ്യൂമൻ ട്രാഫിക്കിങ് ക്ലബുകള്‍ രൂപവത്കരിക്കും. ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആര്‍.ഡി.ഒമാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍, ലേബര്‍ ഓഫിസര്‍മാര്‍, ഡിവൈ.എസ്.പിമാര്‍, സി.ഡബ്ല്യു.സി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബാലവേല, ബാലഭിക്ഷാടനം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യും. സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളെ കണ്ടെത്തി തുടര്‍വിദ്യാഭ്യാസമൊരുക്കാനും വൈദഗ്ധ്യമില്ലാത്ത തൊഴിലുകളിലേർപ്പെട്ടിരിക്കുന്ന 14 വയസ്സിന് മുകളിലുള്ള കുട്ടികളെ കണ്ടെത്തി തൊഴില്‍ നൈപുണ്യ പരിശീലനം നൽകാനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.