തിരുവനന്തപുരം: കേബിൾ ടി.വി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈദ്യുതി പോസ്റ്റ് വാടകയിലെ വാർഷിക വർധന ഒഴിവാക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് കേബിൾ ടി.വി ഒാപറേറ്റേഴ്സ് അസോസിയേഷൻ സെക്രേട്ടറിയറ്റിന് മുന്നിൽ ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുദിവസം നീളുന്ന സമരം വെള്ളിയാഴ്ചയും തുടരും. ചെറുകിട കേബിൾ ടി.വി സംരംഭകർക്ക് വാടകയിൽ 50 ശതമാനം സബ്സിഡി അനുവദിക്കുക, ഡിജിറ്റൽ കേബിൾ ടി.വി മേഖലയിലെ വൻകിട കമ്പനികളോട് മത്സരിക്കേണ്ടിവരുന്ന ചെറുകിട ഒാപറേറ്റർമാരെ സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കുക, കെ. ഫോൺ പോലെ ഡിജിറ്റൽ കേരള പദ്ധതികളിൽ ചെറുകിട കേബിൾ ഒാപറേറ്റർമാരെ പങ്കാളികളാക്കുക അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. പൊതുജനങ്ങൾക്കായുള്ള സർക്കാർ അറിയിപ്പുകൾ, ബോധവത്കരണ -ജനസമ്പർക്ക പരിപാടികൾ, പി.ആർ.ഡി പരസ്യങ്ങൾ എന്നിവ കേബിൾ ചാനലുകൾക്കുകൂടി ലഭ്യമാക്കണമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ, നിസാർ കോയപറമ്പിൽ, കമാൽ, ജയകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.