യൂനിവേഴ്സിറ്റി കോളജിൽനിന്ന് പൊലീസുകാരെ ഇറക്കിവിടാൻ ശ്രമം

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ഇറക്കിവിടാൻ എസ്.എഫ്.ഐ ശ്രമം. പൊലീസുകാർക്കെതിരെ വ്യാജ പരാതി നൽകാനും ശ്രമം നടന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒമ്പത് പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. അതിൽ അഞ്ചുപേർ കോളജിലെ യൂനിയന്‍ മുറിയോട് ചേര്‍ന്നുള്ള ഒാഡിറ്റോറിയത്തിലായിരുന്നു. അവിടെനിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ രംഗത്ത് വന്നത്. തുടർന്ന് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടു. എസ്.എഫ്‌.ഐ നേതാക്കളെ അനുനയിപ്പിക്കാനുള്ള പ്രിന്‍സിപ്പലിൻെറ ഭാഗത്തുനിന്നുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അവരെ ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍, നേതാക്കള്‍ ആരും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. യൂനിറ്റ് മുറിയുടെ സമീപത്ത്നിന്ന് പൊലീസ് മാറിയെങ്കിലും കോളജില്‍നിന്ന് പുറത്തുപോകണമെന്നായി പിന്നീടുള്ള ആവശ്യം. രംഗം കലുഷിതമാകുമെന്ന ഘട്ടത്തിൽ പ്രിന്‍സിപ്പല്‍ ഉച്ചകഴിഞ്ഞ് കോളജിന് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികള്‍ എല്ലാം ഗേറ്റ് കടന്നെങ്കിലും ഒരുവിഭാഗം എസ്.എഫ്‌.ഐ പ്രവർത്തകർ കോളജിന് പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. വൈകീട്ട് ഏറെ വൈകിയും പ്രിന്‍സിപ്പലും കോളജില്‍ തുടര്‍ന്നു. ഒാഡിറ്റോറിയവും പിന്നിലെ മുറിയുമാണ് എസ്.എഫ്‌.ഐ യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പ് ഉപയോഗിച്ചിരുന്നത്. കോളജിലെ വിദ്യാർഥിനികളെ പൊലീസ് ശല്യം ചെയ്യുന്നെന്നാണ് എസ്.എഫ്‌.ഐ നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍, പൊലീസ് ഇത് നിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.