വ്യാപാരിയെ ആക്രമിച്ച്​ സ്വർണം കവർന്ന സംഭവം: സംഘത്തെക്കുറിച്ച്​ സൂചന ലഭിച്ചു

*കാർ ലഭ്യമാക്കിയവർ കസ്റ്റഡിയിൽ തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ സഞ്ചരിച്ച വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. തൃശൂർ കേന്ദ്രീകരിച്ചുള്ള കള്ളപ്പണക്കടത്ത് സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവർ ക്വട്ടേഷൻ സംഘമാണോ നേരിട്ടുള്ള ഓപറേഷനാണോ എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. അതിനിടെ സംഘത്തിന് കാർ ലഭ്യമാക്കിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കാർ വാടകക്കെടുത്തത് കവർച്ചക്കാണെന്ന് അറിയില്ലെന്നായിരുന്നു അവരുടെ മൊഴി. സംഭവത്തെക്കുറിച്ച് നേരിട്ട് അറിയില്ലെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളും തമിഴ്നാടും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ചക്ക് ഉപയോഗിച്ച വാഹനം നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഖത്തറിൽ ജോലിയുള്ള കോട്ടയം സ്വദേശിയുടേതാണ് വാഹനം. ഇയാൾ രണ്ടുവർഷം മുമ്പ് കാർ വിറ്റതാണെന്ന് പറയപ്പെടുന്നു. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. ശനിയാഴ്ച പുലർച്ചയാണ് തിരുവനന്തപുരം ശ്രീവരാഹത്തിന് സമീപം വ്യാപാരിയായ ബിജുവിനെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിച്ച് ഒന്നര കിലോയോളം സ്വർണം കവർന്നത്. കേരള-തമിഴ്നാട് അതിർത്തിയിൽ ജ്വല്ലറിയുള്ള ബിജു തൃശൂരിൽനിന്ന് സ്വർണം വാങ്ങി വീട്ടിലേക്ക് വരുംവഴിയായിരുന്നു ആക്രമണം. ബിജു ഒരു വർഷത്തിലേറെയായി തിങ്കൾ, വെള്ളി ദിവസങ്ങളിൽ തൃശൂരിൽനിന്ന് സ്വർണം വാങ്ങുന്നയാളാണ്. പുലർച്ച ഗുരുവായൂർ എക്സ്പ്രസിൽ തമ്പാനൂരിലെത്തുകയും ശേഷം സ്വന്തം കാറിൽ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതിനിടെ തൃശൂരിൽനിന്ന് വ്യാപാരി സ്വർണം വാങ്ങിയതിനെപറ്റിയുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.