ഫ്രറ്റേണിറ്റി സാഹോദര്യ ജാഥക്ക് തുടക്കം

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പേരില്‍ ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്ന പ്രചാരണങ്ങളും ഭരണകൂട നടപടികളും ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന പ്രസിഡൻറ് ശംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ തന്നെ റദ്ദ് ചെയ്യുന്നതിൻെറ തുടക്കമെന്ന നിലയിലാണ് ഭരണഘടനാവകാശങ്ങളെ ഫാഷിസ്റ്റുകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ റദ്ദ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷനെ പോലുള്ള ഭരണഘടന സ്ഥാപനങ്ങളെത്തന്നെ ഉപയോഗിക്കുന്നത് സംഘ് അജണ്ടകളുടെ ഭാഗമാണ്. ഭരണകൂടം നടപ്പാക്കുന്ന ഫാഷിസ്റ്റ് നടപടികൾക്കെതിരെ ഇപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നീട് ശബ്ദമുയര്‍ത്താനുള്ള സാധ്യത അവശേഷിക്കില്ല. ഏകാധിപത്യത്തെ ഒന്നിച്ച് പ്രതിരോധിക്കാന്‍ രംഗത്തുവരണമെന്നും ഫ്രറ്റേണിറ്റി പ്രതിരോധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി എസ്. ഇര്‍ഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ല പ്രസിഡൻറ് എന്‍.എം. അന്‍സാരി, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് മധു കല്ലറ, ജാഥ വൈസ്‌ ക്യാപ്റ്റന്‍ മഹേഷ് തോന്നക്കല്‍ എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ. ആദില്‍ സ്വാഗതവും മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രസിഡൻറ് ശബ്‌ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.