'ശ്രീചിത്ര'യുടെ ലുധിയ ഇനി സിജോയുടെ ജീവിതസഖി

തിരുവനന്തപുരം: 'ശ്രീചിത്ര'യുടെ മകൾ ലുധിയ ഇനി സിജോയുടെ ജീവിതസഖി. പാളയം സൻെറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടന്ന ചടങ്ങിൽ മലപ്പുറം സ്വദേശിയായ സിജോ വർഗീസ് ചിത്രാഹോം അന്തേവാസിയായ ലുധിയ യേശുദാസിനെ മിന്നുചാർത്തി. ശ്രീചിത്രാഹോമിൽവെച്ച് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ലുധിയയുടെ ആഗ്രഹപ്രകാരമാണ് വിവാഹം പള്ളിയിലേക്ക് മാറ്റിയത്. 10 വർഷം മുമ്പ് മറ്റൊരു അനാഥാലയത്തിൽനിന്നാണ് ലുധിയ ശ്രീചിത്രാഹോമിൽ എത്തിയത്. മാതാപിതാക്കളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും അറിയില്ല. മലപ്പുറം മുണ്ടപ്പൊട്ടി സ്വദേശിയായ വർഗീസിൻെറയും ലില്ലിയുടെയും മകനാണ് സിജോ. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസീസിൻെറ മാനേജറാണ്. മാതാപിതാക്കളുടെയും രണ്ട് സഹോദരിമാരുടെയും സമ്മതത്തോടെയാണ് സിജോ ലുധിയയെ ജീവിതസഖിയാക്കിയത്. വധൂവരന്മാർക്ക് വിവാഹ സമ്മാനമായി നാലു പവൻ സ്വർണാഭരണങ്ങളും ശ്രീചിത്രാഹോം നൽകി. വക്കം സ്വദേശികളായ രാധാകൃഷ്ണനും ഭാര്യ സതിയും ലുധിയക്ക് നാല് പവൻെറ ആഭരണങ്ങൾ വിവാഹ സമ്മാനമായി നൽകി. കഴിഞ്ഞമാസം നടന്ന തങ്ങളുടെ മകൾ രാജിയുടെ വിവാഹം ലളിതമായി നടത്തിയാണ് ഒരു ലക്ഷം രൂപയുടെ ആഭരണങ്ങൾ അവർ ലുധിയക്ക് സമ്മാനിച്ചത്. ചിത്രാഹോമിൻെറ സമ്മാനത്തിന് പുറമെ നിരവധി സമ്മാനങ്ങളും നവദമ്പതികൾക്ക് ലഭിച്ചു. ശ്രീചിത്രാഹോം സൂപ്രണ്ട് കെ.കെ. ഉഷയുടെ നേതൃത്വത്തിൽ ജീവനക്കാരാണ് വിവാഹ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്. വൈകീട്ട് ശ്രീചിത്രാഹോമിൽ വിവാഹ സൽക്കാരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.