ക്ഷേത്രക്കടവിലേക്ക് ഓട സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശാസ്ത ക്ഷേത്രക്കടവിലേക്ക് ഓട സ്ഥാപിച്ച് റോഡുവക്കിലൂടെയെത്തുന്ന മലിനജലം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നതിനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. മലയോര ഹൈവേ നിർമാണത്തിൻെറ ഭാഗമായി കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോ ഭാഗത്തു നിന്നും റോഡിൻെറ കിഴക്കുവശത്തുകൂടി നിർമിക്കുന്ന ഓട അമ്പലക്കടവില്‍ പാലത്തിനു സമീപത്തായി കല്ലടയാറിലേക്ക് തുറക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ക്ഷേത്രക്കടവിന് മുന്നില്‍ പാലത്തിന് സമീപത്തുകൂടിയുള്ള ഓടയിലൂടെ എത്തുന്ന മലിനജലം പുഴയിലേക്ക് പതിക്കുന്നത് സ്നാനഘട്ടത്തിലെത്തുന്നവര്‍ക്കും അമ്പലക്കടവിലെ ക്ഷേത്രമത്സ്യങ്ങള്‍ക്കും ഭീഷണിയാവുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ ഓട മാറ്റിസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഫയര്‍ഫോഴ്സ്: താൽക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നുള്ള പ്രഖ്യാപനം ജലരേഖയായി കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷന്‍ ആരംഭിക്കുന്നതിനായി വകുപ്പുതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും സ്ഥലം കണ്ടെത്തി നല്‍കാൻ ഉദ്യോഗസ്ഥസംഘം കുളത്തൂപ്പുഴയില്‍ സന്ദര്‍ശനം നടത്തി പോയിട്ട് മാസങ്ങള്‍ പലതുകഴിഞ്ഞിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുന്നു. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവിലായുള്ള റവന്യൂ ഭൂമി വിട്ടുനല്‍കുന്നതിന് റവന്യൂ വകുപ്പി‍ൻെറയും ഫയര്‍ഫോഴ്സിൻെറയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ചനടത്തുകയും ഭൂമി കൈമാറ്റത്തിനായുള്ള നടപടിക്രമങ്ങളിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ നടപടികള്‍ക്ക് വേണ്ടത്ര വേഗം ഇല്ലെന്നതാണ് വസ്തുത. ഇതിനിടെ പുതിയ ഫയര്‍സ്റ്റേഷന്‍ സംവിധാനം അനുവദിച്ച് പ്രാവര്‍ത്തികമായി വരുന്നതിനുമുന്നായി അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് താൽക്കാലിക സംവിധാനമെന്ന നിലയില്‍ കുളത്തൂപ്പുഴയില്‍ ഫയര്‍ എൻജിനുകള്‍ ഇടുന്നതിനും ജീവനക്കാര്‍ക്ക് താമസസൗകര്യവും ഗ്രാമപഞ്ചായത്ത് ഒരുക്കി നല്‍കിയാല്‍ രണ്ട് ഫയര്‍ എൻജിനും അതിനാവശ്യമായ ജീവനക്കാരെയും എത്തിക്കുമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരും നേതാക്കളും പറഞ്ഞിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫയർ എൻജിനുകള്‍ നിര്‍ത്തിയിടുന്നതിനും തൊട്ടടുത്തായി ജീവനക്കാര്‍ക്ക് താമസസൗകര്യവും ഒരുക്കാമെന്ന് ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നുവെങ്കിലും ഇനിയും സാധ്യമായിട്ടില്ല. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സൗകര്യമുണ്ടെങ്കിലും ഏഴോളം വരുന്ന ജീവനക്കാര്‍ക്ക് സ്ഥിരതാമസത്തിന് തൊട്ടടുത്തായി സൗകര്യമൊരുക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ നിലവിലില്ല. അതിനാല്‍ തന്നെ ഫയര്‍ സ്റ്റേഷൻെറ പേരില്‍ പുതിയ നിര്‍മാണവും സാധ്യമല്ലാത്തതിനാലാണ് പഞ്ചായത്ത് അധികൃതര്‍ താൽക്കാലിക സംവിധാനത്തില്‍നിന്ന് പിന്നാക്കംപോയതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റം സാധ്യമായെങ്കില്‍ മാത്രമേ ഫയർസ്റ്റേഷന്‍ പ്രാവര്‍ത്തികമാവുകയുള്ളൂവെന്നതാണ് അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.