തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിർണയത്തിനായുള്ള സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാനുള്ള ഒാർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഒാർഡിനൻസ് തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിക്ക് അയച്ചശേഷമാകും ഗവർണറുടെ അംഗീകാരത്തിന് വിടുക. പ്രവേശന മേൽനോട്ട സമിതിയുടെ അംഗസംഖ്യ ആറായി ചുരുക്കാനും ഒാർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. ഹൈകോടതി നിർദേശപ്രകാരമാണ് സമിതി അംഗങ്ങളുടെ എണ്ണം കുറക്കാന്‍ കേരള മെഡിക്കല്‍ ബില്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗത്തിെൻറ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അജണ്ടയില്‍ ഉള്‍പ്പെടുത്താതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ആയേക്കുമെന്നതിനാല്‍ ബുധനാഴ്ചത്തെ യോഗത്തിെൻറ അജണ്ടയില്‍ ഉള്‍പ്പെടുത്തിയശേഷമാണ് കമീഷെൻറ അനുമതിക്കയക്കാന്‍ തീരുമാനിച്ചത്. നിലവിലെ പത്തംഗ ഫീസ് നിര്‍ണയസമിതിയില്‍ അഞ്ചുപേർ മാത്രം പങ്കെടുത്ത യോഗമാണ് കഴിഞ്ഞവര്‍ഷത്തെ ഫീസ് നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫീസ് ഘടന ഹൈകോടതി റദ്ദാക്കിയത്. അടിയന്തരമായി സമിതി പുനഃസംഘടിപ്പിച്ചാല്‍ മാത്രമേ ഫീസ് നിര്‍ണയനടപടികള്‍ പുനരാരംഭിക്കാനാകൂ. അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ തെരഞ്ഞെടുപ്പിനുമുമ്പ് തുടങ്ങേണ്ടതുമുണ്ട്. രണ്ട് മാസത്തിനകം ഫീസ് നിർണയം പൂർത്തിയാക്കാനാണ് കോടതി നിർദേശം. കോടതി വിധിയുള്ളതിനാൽ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് കമീഷെൻറ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. വിരമിച്ച സുപ്രീംകോടതി/ ഹൈകോടതി ജഡ്ജി അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്നിവരെയും സമിതി തെരഞ്ഞെടുക്കുന്ന ഒരാളെയുമാണ് നിയമഭേദഗതിയിലൂടെ അംഗങ്ങളാക്കുന്നത്. പ്രവേശന മേല്‍നോട്ടസമിതിയുടെയും അധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി/ ഹൈകോടതി ജഡ്ജി ആയിരിക്കും. ആരോഗ്യ സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, പ്രവേശന പരീക്ഷാ കമീഷണര്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധി എന്നിവരെയാണ് ഇതില്‍ അംഗങ്ങളായി നിർദേശിച്ചത്. നിലവിൽ രണ്ട് സമിതികളുടെയും അധ്യക്ഷനായ ജസ്റ്റിസ് രാജേന്ദ്രബാബുതന്നെ പദവിയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.