വാഗ്​ദാനം പാഴായില്ല; രമണിയുടെ വീടിന്​ ഇന്ന്​ തറക്കല്ലിട​ും

വെള്ളറട: വർഷങ്ങൾക്കുമുമ്പ് ഏറ്റുമാനൂരപ്പനെ മോഷ്ടിച്ച കള്ളനെ കണ്ടെത്താന്‍ സഹായിച്ച ബാലികക്ക് 38 വര്‍ഷങ്ങള്‍ക ്കുശേഷം ദേവസ്വം ബോര്‍ഡ് വീടുെവച്ചുനല്‍കുന്നു. 1981 മേയിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വിഗ്രഹക്കവര്‍ച്ച ഉണ്ടായത്. കേരളത്തില്‍ വലിയ തോതില്‍ ഒച്ചപ്പാടുണ്ടാക്കിയ കേസ് തെളിയിക്കാന്‍ പൊലീസിന് തുണയായത് അന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായിരുന്ന രമണിയുടെ നോട്ടുബുക്കായിരുന്നു. വീടിനു സമീപത്തെ ഇരുമ്പുകടയില്‍ രമണി വിറ്റ നോട്ടുബുക്കിലെ പേരും ക്ലാസുമെഴുതിയ പേപ്പറായിരുന്നു മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞ തുമ്പ്. പാറശ്ശാലക്ക് സമീപത്തെ ധനുവച്ചപുരം സ്വദേശിയായിരുന്നു മോഷ്ടാവ്. ഇയാള്‍ രമണിയുടെ വീടിന് സമീത്തെ ഈ കടയില്‍നിന്നായിരുന്നു മോഷണത്തിനുപയോഗിച്ച ഇരുമ്പുപാര വാങ്ങിയത്. കടക്കാരന്‍ അത് പൊതിഞ്ഞുനല്‍കിയത് രമണിയുടെ പേരെഴുതിയ സ്കൂൾ ബുക്ക് കടലാസിലായിരുന്നു. മോഷണസ്ഥലത്തുനിന്ന് ലഭിച്ച ഈ കടലാസ്കഷണമാണ് മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചത്. മോഷ്ടാവിനെ കുടുക്കിയ രമണിയെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും അനുമോദനങ്ങള്‍ കൊണ്ട് പൊതിയവേ നിരവധി വാഗ്ദാനങ്ങളും നടത്തിയിരുന്നു. കാലാന്തരത്തില്‍ രമണിയെയും വാഗ്ദാനങ്ങളെയും എല്ലാവരും മറന്നു. രമണി വിവാഹിതയായിപ്പോയത് കിളിയൂരിലേക്കാണ്. ഭര്‍ത്താവ് രോഗബാധിതനായി ഏറെ ചികിത്സക്കുശേഷം ഒരു വര്‍ഷത്തിനു മുമ്പ് മരിച്ചു. തൊഴില്‍രഹിതരായ മക്കളോടൊപ്പം ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിർധനയും നിസ്സഹായയുമായി കഴിയുകയായിരുന്ന രമണിയെ കണ്ടെത്തിയത് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയാണ്. ഏതാനും ആഴ്ചകൾക്കുമുമ്പ് ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനെ എം.എൽ.എ രമണിയുടെ വീട്ടില്‍ ക്ഷണിച്ചുവരുത്തി ഭവനം നിർമിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശരണാശ്രയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് നിർമിച്ചുനല്‍കുന്ന വീടി​െൻറ തറക്കല്ലിടല്‍ സി.കെ. ഹരീന്ദ്രന്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.