130 കിലോ കഞ്ചാവ് കൈവശം​െവച്ച കേസിൽ തുടരന്വേഷണം; എല്ലാ പ്രതികളെയും വെറുതെവിട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളജ് സി.ഐയുടെ നേതൃത്വത്തിൽ 130 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ തുടരന്വേഷണത്തി ന് കോടതി നിർദേശം. കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും വെറുതെ വിട്ടു. കേസിലെ അഞ്ചാം പ്രതി ശാന്തിഭൂഷൺ (36) കോടതിയിൽ സമർപ്പിച്ച വിടുതൽഹരജിയും കോടതി അനുവദിച്ചു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി വി. പ്രകാശ് അംഗീകരിക്കുകയായിരുന്നു. പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായതെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ് തുടരന്വേഷണം വരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‌ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കരുതെന്ന സുപ്രീംകോടതിയുടെ പുതിയ മാർഗനിർദേശം പരിഗണിച്ചുകൊണ്ടാണ് പ്രതികളെ കോടതി വെറുതെവിട്ടത്. അഞ്ചാം പ്രതിയുടെ വിടുതൽ ഹരജി കോടതി അനുവദിച്ചതും അതി​െൻറ അടിസ്ഥാനത്തിലാണ്. നേരത്തേ, കേസിലെ ഒന്നാം പ്രതി അഭിഷേക് (30), രണ്ടാം പ്രതി ശ്യാം എന്ന ശ്യാംകുമാർ (29), മൂന്നാംപ്രതി ചിമ്പു എന്ന നിതിൻ (27) എന്നിവരെ ഇതേ കാരണത്താലാണ് കോടതി വെറുതെ വിട്ടത്. കേസിലെ നാലാം പ്രതി ചക്കര പ്രവീൺ എന്ന പ്രവീൺ ഒളിവിലാണ്. 2018 ഏപ്രിൽ 27നാണ് മെഡിക്കൽ കോളജ് സി.ഐ ബിനുകുമാറി​െൻറ നേതൃത്വത്തിെല പൊലീസ് സംഘം ആർ.സി.സി പത്തോളജി ലാബിന് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന മാരുതി കാറിനുള്ളിൽനിന്നും 130.550 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. അഞ്ചാം പ്രതി ശാന്തിഭൂഷ​െൻറ ഭാര്യയുടെ കാറിൽ പ്രതികൾ ആന്ധ്രപ്രദേശിലെ രാജമുദ്ര പ്രദേശത്ത് ഹക്കുംപേട്ട എന്ന സ്ഥലത്തുനിന്നുമാണ് 2018 ഏപ്രിൽ 25ന് 60 കവറുകളിൽ കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മയക്കുമരുന്ന് തടയൽ നിയമത്തിലെ 20 (ബി) (11) സി ആൻഡ് 29, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്‌. ഈ നിയമം അനുസരിച്ച് പ്രതികളെ 20 വർഷം വരെ ശിക്ഷിക്കാൻ വകുപ്പുണ്ട്. എന്നാൽ, പൊലീസി​െൻറ ഭാഗത്തുനിന്നുള്ള പാളിച്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും ആരോപണമുണ്ട്. സി.െഎയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ടും നിലവിലുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.