തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സഹായിയെ വെക്കുന്നതിനുള്ള വ്യവസ്ഥ കർക്കശമാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ വിദ്യാഭ്യാസവകുപ്പിനോട് ശിപാർശ ചെയ്തു. ദുരുപയോഗം തടയുന്നതിന് ഉത്തരവിൽ മാറ്റം വരുത്തണം. ചില സ്കൂളുകൾ 100 ശതമാനം വിജയത്തിന് പഠനവൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കി പരീക്ഷാനുകൂല്യം നേടുന്നതായാണ് പരാതി. പഠനവൈകല്യമുള്ള കുട്ടികളുടെ ബുദ്ധിപരിശോധന എട്ടാം ക്ലാസിൽ നടത്തി പരിശീലനം നൽകണമെന്നും അതിനുശേഷവും പഠനവൈകല്യമുണ്ടെന്ന് കണ്ടെത്തുന്നവർക്കുമാത്രം പരീക്ഷാനുകൂല്യം നൽകണമെന്നും കമീഷൻ നേരത്തേ നിർദേശിച്ചിട്ടുള്ളതാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ ആനുകൂല്യം നൽകി പിന്നോട്ടുതന്നെ തള്ളുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് മറ്റ് കുട്ടികളുടെ അവകാശത്തെ ബാധിക്കുമെന്നും കമീഷൻ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.