പോളച്ചിറ പുഞ്ചപ്പാടം ഒരുങ്ങുന്നു; സമൃദ്ധിയുടെ കതിർകുലകൾ വിരിയിക്കാൻ

(ചിത്രം) പരവൂർ: സമൃദ്ധിയുടെ കതിർകുലകൾ വിരിയിക്കാൻ പോളച്ചിറ പുഞ്ചപ്പാടം വീണ്ടും ഒരുങ്ങുന്നു. 1500 ഏക്കർ വിസ്തൃതി യുള്ള ജില്ലയുടെ നെല്ലറയിൽ വിത്തെറിയുന്നതിന് മുന്നോടിയായി വെള്ളംവറ്റിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം നല്ല വിളവ് ലഭിച്ചതി​െൻറ അനുഭവത്തിൽ ഇത്തവണ കൂടുതൽ കർഷകർ രംഗത്തേക്ക് വരുമെന്നാണ് പാടശേഖരസമിതിയുടെ പ്രതീക്ഷ. 82.5 ഹെക്ടറിലാണ് മുൻവർഷം കൃഷിയിറക്കിയത്. ഇത്തവണ 100 ഹെക്ടറിലെങ്കിലും വിത്തിറക്കാൻ കഴിയും. കൃത്യസമയത്ത് വെള്ളം വറ്റിച്ച് നിലമൊരുക്കി പാകപ്പെടുത്തിയതിനാലാണ് കഴിഞ്ഞ തവണത്തെ കൃഷി ലാഭകരമായത്. കാലവർഷാരംഭത്തിനുമുമ്പ് നെല്ല് പാകമായതിനാൽ കൃഷിനാശം വളരെയേറെ കുറയ്ക്കാനും കഴിഞ്ഞു. അതി​െൻറ വെളിച്ചത്തിലാണ് ഇത്തവണയും വെള്ളം വറ്റിക്കാൻ തുടങ്ങിയത്. കുറഞ്ഞ കാലംകൊണ്ട് പാകമാകുന്നതും ഉൽപാദനശേഷി കൂടിയതുമായ കാഞ്ചന വിത്താണ് വിതക്കുന്നത്. കൃഷിയിറക്കാൻ തൽപര്യമുള്ള കർഷകർ ചിറക്കര കൃഷിഭവനിലോ പോളച്ചിറ പാടശേഖരസമിതിയിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും നിശ്ചിത തുക പാടശേഖരസമിതിയിൽ അടയ്ക്കുകയും വേണം. സ​െൻറിന് 15 രൂപ വീതമാണ് അടയ്ക്കേണ്ടത്. കഴിഞ്ഞ തവണ ഇത് 12 രൂപയായിരുന്നു. അതേസമയം, കർഷകർക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പോളച്ചിറയുടെ കാർഷിക സാധ്യതകൾ പരമാവധി വിനിയോഗിക്കാനാണ് ചിറക്കര പഞ്ചായത്ത് കഴിഞ്ഞ വർഷം 'ഒരുനെല്ലും ഒരുമീനും' പദ്ധതിക്ക് തുടക്കം കുറിച്ചത്. നെൽകൃഷിക്കുശേഷം മത്സ്യകൃഷി തുടങ്ങിയെങ്കിലും കാലവർഷക്കെടുതിമൂലം പരാജയപ്പെട്ടു. പോളച്ചിറയിലെയും പഞ്ചായത്തിലെ മറ്റു പാടശേഖരങ്ങളിൽനിന്നുമുള്ള നെല്ല് സംഭരിച്ച് ചിറക്കര ബ്രാൻഡ് എന്ന പേരിൽ നാടൻ കുത്തരി പുറത്തിറക്കിയിരുന്നു. വരുന്ന വിളവെടുപ്പോടെ ഇത് വിപുലീകരിക്കാൻ കഴിയുമെന്നാണ് പഞ്ചായത്തി​െൻറ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.