ന്യൂഡൽഹി: ജമ്മു-കശ്മീരിൽ പ്രതിപക്ഷ സഖ്യസർക്കാർ ഉണ്ടാവുന്നത് സഹിക്കാതെ നിയമസഭതന്നെ പിരിച്ചുവിട്ട ബി.ജെ.പിക്കും ഗവർണർക്കും നാണക്കേട് പല വിധത്തിൽ. വ്യക്തമായ കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന ത്രികക്ഷി സഖ്യത്തിന് അവസരം കൊടുക്കാത്തത് അധാർമികവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ പാർട്ടികളും ഭരണഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കോടതി കയറിയാൽ ഗവർണർക്കും കേന്ദ്രത്തിനും തിരിച്ചടി ഉറപ്പ്. മഹ്ബൂബ മുഫ്തി സർക്കാറുണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ പോകുന്നതടക്കം ഒാരോ നീക്കങ്ങളും തത്സമയം പുറംലോകം അറിഞ്ഞതാണ്. എന്നാൽ, ഫാക്സ് കേടാണെന്നും നബിദിന അവധിയാണെന്നുമുള്ള കച്ചിത്തുരുമ്പാണ് ഗവർണർക്ക് ന്യായം പറയാൻ ഉണ്ടായിരുന്നത്. ബദൽ സർക്കാറിനുള്ള സാധ്യത തേടാനാണ് മാസങ്ങളായി നിയമസഭ മരവിപ്പിച്ചു നിർത്തിയത്. രണ്ട് എം.എൽ.എമാർ മാത്രമുള്ള സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കി, പി.ഡി.പിയെ പിളർത്തി, ചാക്കിട്ടുപിടിത്തം നടത്തി സർക്കാർ ഉണ്ടാക്കാൻ അവസാന നിമിഷം വരെയും ബി.ജെ.പി ശ്രമിച്ചെങ്കിലും പൊളിഞ്ഞു. ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പിലും പുതിയ സർക്കാറിലും ബി.ജെ.പിയുടെ ഇടം ചുരുങ്ങി. പ്രതിപക്ഷ പാർട്ടികൾക്കിടയിലാണ് കൂടുതൽ െഎക്യസാധ്യത. ജമ്മു-കശ്മീർ കലുഷിതമാക്കി മാറ്റിയെന്ന കുറ്റപ്പെടുത്തൽ നിരന്തരം കേൾക്കേണ്ടി വരുന്നതിനു പുറമെ, ജനപങ്കാളിത്തമുള്ള പുതിയ തെരഞ്ഞെടുപ്പ് കുറെയെങ്കിലും സമാധാനപരമായി നടത്തുക എന്നത് കടുത്ത വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.