തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി ചെയർമാനായി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ -കേരള (സ്കോൾ കേരള) വിവരാവകാശനിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി നോട്ടീസ്. പഴയ സ്റ്റേറ്റ് ഒാപൺ സ്കൂൾ ഘടനമാറ്റി രൂപവത്കരിച്ച സ്ഥാപനമാണ് 'സ്കോൾ കേരള'. കഴിഞ്ഞ 29 തീയതിവെച്ച് പൂജപ്പുരയിലെ ഒാഫിസ് നോട്ടീസ് ബോർഡിലാണ് നോട്ടീസ് പതിച്ചത്. 'സ്കോൾ കേരള'യിൽ നിയമനത്തിന് അണിയറയിൽ ശ്രമം നടക്കുന്നതിനിടെയാണ് വിചിത്ര നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഹയർസെക്കൻഡറി പഠനത്തിന് സ്കൂളുകളിൽ അവസരം ലഭിക്കാത്തവർ തുടർപഠനത്തിന് ചേരുന്ന സ്ഥാപനമാണ് 'സ്കോൾ കേരള'. സ്ഥാപനത്തിെൻറ സ്റ്റാൻഡിങ് കോൺസൽ നൽകിയ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചതെന്നാണ് എക്സിക്യൂട്ടിവ് ഡയറക്ടർ പറയുന്നത്. വിവരാവകാശനിയമത്തിലെ 2 (എച്ച്) വകുപ്പിെൻറ പരിധിയിൽ സ്ഥാപനം വരില്ലെന്നാണ് വാദം. നിയമത്തിെൻറ പരിധിയിൽവരുന്ന പബ്ലിക് അതോറിറ്റി ഏതെന്ന് വ്യക്തമാക്കുന്നതാണ് 2 (എച്ച്) വകുപ്പ്. 2015 ജൂലൈ 30ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെ രൂപവ്തകരിക്കപ്പെട്ട സ്ഥാപനമാണ് സ്കോൾ കേരള. സർക്കാർ വിജ്ഞാപനത്തിലൂടെയോ ഉത്തരവിലൂടെയോ രൂപവത്കരിക്കുന്ന സ്ഥാപനങ്ങൾ 2 (എച്ച്) വകുപ്പിെൻറ പരിധിയിൽ വരും. എന്നാൽ, സ്ഥാപനം സർക്കാർ ഫണ്ട് സ്വീകരിക്കുന്നില്ലെന്ന വാദമാണ് അധികൃതർ ഉന്നയിക്കുന്നത്. വിദ്യാർഥികളിൽനിന്ന് ഹയർസെക്കൻഡറി െറഗുലർ-പ്രൈവറ്റ് കോഴ്സുകൾക്ക് ഫീസ് ഇൗടാക്കിയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും സർക്കാർ ഒാഡിറ്റ് നടത്തുന്ന സ്ഥാപനമാണിതെന്നും നോട്ടീസിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.