കൊല്ലം: ജില്ലയില്‍ എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്ന ഒരാള്‍ ചൊവ്വാഴ്ച മരിക്കുകയും വിവിധ ഭാഗങ്ങളില്‍ എട്ടു പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ-ചികിത്സ സംവിധാനങ്ങള്‍ വിപുലീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന പരവൂര്‍ നെടുങ്ങോലം കൂനയില്‍ രാജിഭവനില്‍ സുജാതയാണ് (55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നെടുമണ്‍കാവ്, പത്തനാപുരം, അഞ്ചല്‍, പടിഞ്ഞാറേക്കല്ലട, പാലത്തറ മേഖലകളിലായാണ് എട്ടു പേരില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ല ആശുപത്രി, കരുനാഗപ്പള്ളി, കൊട്ടാരക്ക, പുനലൂര്‍, ശാസ്താംകോട്ട താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍, കടയ്ക്കല്‍, നീണ്ടകര താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആറ് കിടക്കകളുള്ള എലിപ്പനി വാര്‍ഡ് ആരംഭിച്ചു. ഇവിടെ ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലെല്ലാം അവശ്യമരുന്നുകളായ ഡോക്‌സിസൈക്ലിന്‍, ഇന്‍ജക്ഷന്‍ സി.പി, ഇന്‍ജക്ഷന്‍ സെഫ്ട്രിയാക്‌സോണ്‍ എന്നിവ ലഭ്യമാണ്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുള്ള ഡോക്‌സി കോര്‍ണറുകളിലും ഡോക്‌സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍ ആശ, ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി പ്രളയമേഖലകളില്‍ രക്ഷ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി പ്രതിരോധമരുന്ന് നല്‍കിവരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കി. ജില്ല ആശുപത്രിയിലും കരുനാഗപ്പള്ളി, നീണ്ടകര ആശുപത്രികളിലും നിലവില്‍ രണ്ടു ഷിഫ്റ്റുകളില്‍ ലഭ്യമായ ഡയാലിസിസ് സൗകര്യം മൂന്ന് ഷിഫ്റ്റുകളാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സ മാര്‍ഗരേഖ പാലിച്ചുതന്നെ എലിപ്പനി ചികിത്സ നടത്തണമെന്നും എലിപ്പനി സംശയിക്കുന്നതോ സ്ഥിരികരിച്ചതോ ആയ കേസുകള്‍ അതത് ദിവസംതന്നെ ജില്ല മെഡിക്കല്‍ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിപാടികൾ ഇന്ന് കൊല്ലം തുയ്യം വേളാങ്കണ്ണി മാതാ തീർഥാലയം: തിരുനാൾ, കുഞ്ഞുങ്ങൾക്ക് ചോറൂട്ട് -ഉച്ച. 12.00, മരിയൻ ധ്യാനം -വൈകു 5.00 കൊല്ലം കേൻറാൺമെൻറ് മൈതാനം: വിപണനമേള- രാവി. 10.00 കൊല്ലം ടി.എം വർഗീസ് ഹാൾ: കോർപറേഷൻ പരിധിയിലെ ശുചീകരണപ്രവർത്തനങ്ങളുടെ ആലോചനയോഗം -വൈകു 4.00 കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ: പെരുന്നാളും കൺവൻഷനും- രാവിലെ 7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.