തിരുവനന്തപുരം: വീടുപണി നടക്കുന്ന സൈറ്റുകളിലെത്തി മൊബൈൽ ഫോണുകളും പണവും കവരുന്നയാൾ പിടിയിൽ. ബാലരാമപുരം വി.എസ് ഭവനിൽ വീരപ്പൻ എന്ന പ്രകാശിനെയാണ്(34) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണം നടത്തിയതിന് സിറ്റി ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മേയിലാണ് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ പാൽകുളങ്ങര ക്ഷേത്രത്തിനുസമീപത്തുള്ള പണി നടക്കുന്ന വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. തുടർന്ന് ഷാഡോ പൊലീസ് സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് പിടിയിലായത്. പുതുതായി പണി നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് അവിടെ പണിയെടുക്കുന്നവരുടെ മൊബൈൽ ഫോണും പണവും എ.ടി.എമ്മും അടക്കമുള്ളവ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് ഇയാൾ. ഇത്തരത്തിൽ മോഷണം നടത്താനെത്തിയ സമയത്താണ് അവിടെയുണ്ടായിരുന്ന ബൈക്കും മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മണ്ണാമ്മൂല, തൊഴുവൻകോട്, അമ്പലമുക്ക്, പൈപ്പിൻമൂട്, മാഹാരാജഗാർഡൻസ് എന്നിവിടങ്ങളിൽ ഇതേ രീതിയിൽ മോഷണങ്ങൾ നടത്തിയതിന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇപ്രാവശ്യവും ഇയാൾ ഇത്തരത്തിൽ കരമന, വഞ്ചിയൂർ ഭാഗത്തെ നിരവധി പണിനടക്കുന്ന വീടുകളിൽ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കും മൊബൈലുകളും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.