കൊല്ലം: കളിചിരികളുടെ വേനലവധിക്കാലത്തിന് വിടചൊല്ലി വീണ്ടും വിദ്യാർഥികൾ വെള്ളിയാഴ്ച അക്ഷരമുറ്റത്തേക്ക്. പുത്തൻ ഉടയാടകളും പുതിയ പുസ്തകങ്ങളുമായി നവാഗതരും അവർക്കൊപ്പം സ്കൂളിെൻറ പടി ചവിട്ടും. ജില്ലയിൽ നവാഗതർ ഉൾപ്പെടെ മൂന്നരലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുന്നത്. അക്ഷരമുറ്റത്ത് ആദ്യമായി എത്തുന്ന കുരുന്നുകൾ മുതൽ അടുത്ത ക്ലാസിലേക്ക് പ്രവേശനംനേടിയവർ അടക്കമുള്ളവരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പതിവു തെറ്റിക്കാതെ സ്കൂൾ തുറക്കലിന് ഇത്തവണയും മഴയുടെ അകമ്പടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. സ്കൂളുകൾ ചായംതേച്ച് മേനിപിടിപ്പിച്ചും മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം ചുമരിൽ വരച്ചും, ക്ലാസ് മുറികൾ മനോഹരമാക്കിയും പുതിയ അധ്യയനവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ബലൂണുകളും മിഠായിയും ആശംസാകാർഡുകളും മറ്റ് സമ്മാനങ്ങളും നൽകി ആഘോഷമായ അന്തരീക്ഷത്തിൽ കുട്ടികളെ വരവേൽക്കാനുള്ള തയാറെടുപ്പുകളാണ് സ്കൂളുകളിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും നടത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് ഒഴിവാക്കിയാണ് ഇത്തവണ പ്രവേശനോത്സവം നടത്തുന്നത്. ഫ്ലക്സ് ഒഴിവാക്കി തുണിയിൽ തീർത്ത ബാനറുകളാകും പല സ്കൂളുകളിലും നവാഗതർക്ക് സ്വാഗതമോതുന്നത്. പ്രവേശന ഗാനത്തോടെയായിരിക്കും വിദ്യാർഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക. സർക്കാർ സ്കൂളുകളിൽ കൈത്തറി യൂനിഫോം വിതരണവും പൂർത്തിയായി വരുന്നു. ജില്ലയിലെ പ്രവേശനോത്സവം വെള്ളിയാഴ്ച പനയം ആലുംമൂട് പണയിൽ ഗവ.എച്ച്.എസ്.എസിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹരിത സൗഹൃദ ക്ലാസ് മുറി ഉദ്ഘാടനം കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി പ്രതിഭകളെ ആദരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും. ക്ലാസ് ജൂൺ നാലുമുതൽ കൊല്ലം: കേരള യൂനിവേഴ്സിറ്റി വിദൂര പഠനകേന്ദ്രത്തിെൻറയും ഇഗ്നോയുടെയും പരീക്ഷകൾ നടക്കുന്നതിനാൽ കൊല്ലം എസ്.എൻ കോളജിൽ ജൂൺ നാല് മുതലായിരിക്കും ക്ലാസുകൾ ആരംഭിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.