തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ക്ഷേത്രവളപ്പ്, റോഡരിക് എന്നിവിടങ്ങളിൽ കഴിയുന്നവരും അലഞ്ഞുതിരിയുന്നവരുമായ മുഴുവൻ വയോജനങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ ശിപാർശ ചെയ്തു. ഇവരെ വൃദ്ധസദനങ്ങളിൽ താമസിപ്പിക്കണം. സാമ്പത്തിക സ്ഥിതി മെച്ചമായിട്ടും രക്ഷാകർത്താക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മക്കൾക്ക് സാമ്പത്തികനില മോശമാണെങ്കിൽ വയോജനങ്ങളെ സാമൂഹികനീതി വകുപ്പ് സംരക്ഷിക്കണം. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് ശിപാർശകൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമീഷൻ ബുധനാഴ്ചയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. ജമീല ബാലൻ എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങൾ. മറ്റ് ശിപാർശകൾ: *വയോജനങ്ങളെ നാലായി തരം തിരിക്കണം. 1) ആരോഗ്യമുള്ളവരും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിവുളളവരും 2) ഭാഗികമായി മറ്റുള്ളവരെ ആശ്രയിക്കുന്നവർ 3) പൂർണമായും പരാശ്രയം വേണ്ടവരോ കിടപ്പിലായവരോ 4) മാനസിക വെല്ലുവിളി നേരിടുന്നവർ. ഈ വിഭാഗങ്ങളെ പ്രത്യേകം കെട്ടിടങ്ങളിൽ താമസിപ്പിക്കണം. വൃദ്ധസദനങ്ങളിൽ ആളുകളെ കുത്തിനിറക്കാൻ അനുവദിക്കരുത്. അനുവദിക്കപ്പെട്ട എണ്ണത്തിെൻറ 10 ശതമാനത്തിലധികം ആളുകളെ പാർപ്പിക്കാൻ പാടില്ല. * വാർഡ്തല കമ്മിറ്റികളാണ് ഇവരുടെ സാമ്പത്തികനില പരിശോധിക്കേണ്ടത്. വൃദ്ധസദനങ്ങളിലെ ജീവനക്കാർക്കും നിശ്ചിത യോഗ്യത വേണം, പരിശീലനവും നൽകണം. *സർക്കാർ സ്വന്തം നിലയിൽ പുതിയ വൃദ്ധസദനങ്ങൾ സ്ഥാപിക്കേണ്ടതില്ല. സ്വകാര്യ വൃദ്ധസദനങ്ങളിൽ ഇപ്പോൾ പതിനായിരത്തോളം പേർക്കുള്ള ഒഴിവുണ്ട്. സർക്കാർ വൃദ്ധസദനങ്ങളിൽ 485 ഒഴിവുണ്ട്. *സ്വകാര്യ വൃദ്ധസദനങ്ങളോട് ചേർന്ന് സ്ഥലമുണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി കെട്ടിടം പണിയുന്നതിന് സർക്കാറിന് സഹായം നൽകാം. എന്നാൽ, അത്തരം വൃദ്ധസദനങ്ങൾ എല്ലാ മതവിഭാഗങ്ങളിൽപെട്ടവരെയും ഉൾക്കൊള്ളുന്നതാകണം. *10 പേർക്കെങ്കിലും താമസസൗകര്യമില്ലാത്ത വൃദ്ധസദനങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ല. * മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്ക് വൃദ്ധസദനങ്ങളിൽ രണ്ടാഴ്ച ഇേൻറൺഷിപ് നിർബന്ധമാക്കണം. * വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് സർക്കാർ ഏജൻസികൾ വഴി നിയമസഹായം ലഭ്യമാക്കണം. * 70 കഴിഞ്ഞ വയോജനങ്ങളുടെ പെൻഷൻ 2000 രൂപയായി ഉയർത്തണം. 80 കഴിഞ്ഞവർക്ക് 3000 രൂപ നൽകണം. * വയോജന ക്ഷേമത്തിനുവേണ്ടി പണം സ്വരൂപിക്കുന്നതിന് പ്രത്യേക ഭാഗ്യക്കുറി നടത്തുന്ന കാര്യം ആലോചിക്കണം. *ആശുപത്രികൾ, റേഷൻകടകൾ, വൈദ്യുതി ബോർഡ് ഓഫിസുകൾ, വാട്ടർ അതോറിറ്റി മുതലായ സ്ഥലങ്ങളിൽ വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.