ഇന്ന്​ ജൈവവൈവിധ്യ ദിനം തീരക്കടൽ പരിസ്​ഥിതി തകർച്ചയിലേക്ക്​

തിരുവനന്തപുരം: കേരളത്തി​െൻറ തീരക്കടൽ കടുത്ത പരിസ്ഥിതി ദുര്‍ബല പ്രദേശമായി മാറുന്നു. പശ്ചിമഘട്ടത്തിനും മറ്റും നൽകുന്ന പ്രാധാന്യം തീരത്തിന് ലഭിക്കാതെവന്നതോടെ, ജൈവവൈവിധ്യ പ്രാധാന്യമുള്ള തീരങ്ങള്‍ നാശത്തിലേക്ക് നീങ്ങുകയാണ്. തീരപരിപാലന നിയമപ്രകാരം കടൽത്തീരം പരിസ്ഥിതി സംവേദന പ്രദേശങ്ങളാണ് (ഇ.എസ്.എ). എന്നാൽ, വലിയതോതിലുള്ള നിർമാണ പ്രവർത്തനങ്ങളും കടൽ മലിനപ്പെടുത്തലും തടയാൻ കഴിയുന്നില്ല. സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രത കൂടിയത് തീരപ്രദേശങ്ങളിലാണെങ്കിലും ഇതിനനുസരിച്ചുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. തീരദേശ പട്ടണങ്ങളിലെ വിസര്‍ജ്യങ്ങളും ഫാക്ടറികളില്‍നിന്നുള്ള ജൈവ- അജൈവ മാലിന്യങ്ങളും തുടങ്ങി എന്തും എത്തിച്ചേരുന്നത് കടലിലേക്കാണ്. കീടനാശിനികളും ഹൗസ് ബോട്ടുകളുടെ മാലിന്യങ്ങളും കടലിലേക്ക് ഒഴുകിയെത്തുന്നു. കടൽ മലിനപ്പെടുന്നത് മത്സ്യസമ്പത്തടക്കമുള്ള ജൈവൈവിധ്യത്തെ ബാധിക്കുന്നു. മത്സ്യലഭ്യത കുറയുന്നതി​െൻറ കാരണവും ഇതാണ്. കരയിലേതുപോലെ ആവാസവ്യവസ്ഥ കടലിലുമുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കടലിൽ അടിഞ്ഞുകൂടുന്നത് ആവാസവ്യവസ്ഥക്ക് ഭീഷണിയാണ്. തീരക്കടല്‍ ആവാസവ്യവസ്ഥ തകരുമ്പോള്‍ കടലി​െൻറ കടന്നുകയറ്റം വർധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 590 കിലോമീറ്റര്‍ നീളമുള്ള കേരളത്തി​െൻറ തീരക്കടലിന് മൊത്തം 13,000 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. മത്സ്യങ്ങളുടെ പ്രജനനം കൂടുതലായും ആഴം കുറഞ്ഞ ജലാശയങ്ങളിലായതിനാല്‍ തീരക്കടലുകള്‍ മിക്ക ചെറുമത്സ്യങ്ങളുടെയും നഴ്‌സറിയാണ്. കേരളത്തി​െൻറ സമുദ്രമേഖലയില്‍ കാണപ്പെടുന്ന ചാകര ഇപ്പോള്‍ വൈകുകയും ദുര്‍ബലമാകുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ തീരപ്രദേശങ്ങളില്‍ 27 സ്ഥലങ്ങളില്‍ രൂപപ്പെട്ടിരുന്ന ചാകര ഇപ്പോള്‍ ചിലയിടങ്ങളിൽ മാത്രമായി ചുരുങ്ങി. കടലാമകളുടെ പിന്മാറ്റവും കടലിലെ ആവാസവ്യവസ്ഥയിൽ വന്ന മാറ്റത്തി​െൻറ ഭാഗമാണ്. ഇരിങ്ങല്‍ കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തുന്നത് പ്രസിദ്ധമാണ്. ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇവ എത്തുന്നത്. ആഗസ്റ്റ് മുതല്‍ അതിശൈത്യത്തി​െൻറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ കടലാമകള്‍ തണുപ്പ് കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ യാത്ര തുടങ്ങുന്നു. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളുമായാണ് ആമകള്‍ തിരിച്ചുപോകുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ കുഞ്ഞുങ്ങളും മുട്ടയിടാനായി കേരളത്തിലെ കടല്‍ത്തീരങ്ങളാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ആമയുടെ വരവ് വളരെ കുറഞ്ഞിട്ടുണ്ട്. കേരള ജൈവൈവിധ്യ ബോർഡ് നേരത്തേ കടലിനെക്കുറിച്ച് പഠിക്കാനും ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില പ്രവർത്തനങ്ങളും നടത്തി. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയായിരുന്നു പഠനം. കടൽമത്സ്യങ്ങളുടെ സാമ്പ്ൾ ശേഖരിക്കുകയും കടലിൽ കൃത്രിമ പാര് സൃഷ്ടിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടമായി കടലി​െൻറ അടിത്തട്ടിനെക്കുറിച്ച് പഠിക്കാനും ആലോചിച്ചിരുന്നുവെന്ന് ജൈവവൈവിധ്യ ബോർഡ് സെക്രട്ടറിയായിരുന്ന ഡോ.കെ.പി. ലാലാദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.