കൊല്ലം ലൈവ്​

ഇങ്ങനെയും ചിലർ കൊല്ലം: ഇവർക്കും വീടും വീട്ടുകാരുമൊക്കെയുണ്ട്. വീട്ടുകാർെക്കാപ്പമിരുന്ന് നോമ്പുതുറക്കാൻ ആഗ്രഹവുമുണ്ട്. എന്നാൽ, നോമ്പുകാലമായാൽ കെ.എം.വൈ.എഫ് പ്രവർത്തകർക്ക് തിരക്കാണ്. കൊല്ലം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുകഞ്ഞി എത്തിക്കുന്നതി​െൻറ തിരക്കിലായിരിക്കും അവർ. നോമ്പ് തുടങ്ങി അവസാനിക്കുന്നതുവരെയുള്ള എല്ലാ ദിവസവും നോമ്പുതുറക്ക് മുമ്പ് ഇവർ കഞ്ഞിയുമായി ആശുപത്രിയിലെത്തും. കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി നേതൃത്വത്തിലാണ് നോമ്പ് കഞ്ഞി വിതരണം. കെ.എം.വൈ.എഫി​െൻറ കണ്ണനല്ലൂർ വടക്കേമുക്ക് യൂനിറ്റ് പ്രവർത്തകരാണ് കഞ്ഞി തയാറാക്കി ആശുപത്രിയിൽ എത്തിക്കുന്നത്. ഔഷധക്കൂട്ടുകൾ ചേർത്ത് തയാറാക്കുന്ന കഞ്ഞി വൈകീട്ട് അഞ്ചരയോടെയാണ് വിതരണം നടത്തുന്നത്. രോഗികളോടൊപ്പമുള്ള നോമ്പുകാരായ കൂട്ടിരിപ്പുകാർക്ക് ഈ കഞ്ഞി വിതരണം വലിയ ആശ്വാസമാണ്. കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡൻറ് കുണ്ടുമൺ ഹുസൈൻ മന്നാനി, ജനറൽ സെക്രട്ടറി അൻസർ കുഴിവേലിൽ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസാണ് കഞ്ഞി വിതരണത്തിന് തുടക്കംകുറിച്ചത്. താഹാ അബറാഹി, ഷാക്കിർ ഹുസൈൻ ദാരിമി, ഷിബുഖാൻ, നൗഫൽ, കുറിഞ്ചിക്കോട് നവാസ് മന്നാനി, കാരാളി ഇ.കെ. സുലൈമാൻ ദാരിമി തുടങ്ങിയവരും മേൽനോട്ടം വഹിക്കുന്നുണ്ട്. ജാതിമത ഭേദമന്യേ നിരവധിപേരാണ് നോമ്പ് കഞ്ഞി വാങ്ങാൻ ദിവസവുമെത്തുന്നത്. നോമ്പിനെ വരവേറ്റ് മുന്തിരിക്കുലകൾ കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയ യതീംഖാന വളപ്പിലെത്തിയാൽ കാഴ്ചക്കാർക്ക് കൗതുമായി മുന്തിരിക്കുലകൾ കാണാം. അഞ്ചുവർഷമായി നോമ്പുകാലത്ത് ഇവിടത്തെ മുന്തിരി വള്ളികളിൽ മുന്തിരിക്കുലകൾ നിറയുന്നത് പതിവാണ്. കുറേവർഷമായി കുട്ടികൾ നോമ്പുതുറക്കുന്നത് യതീംഖാന മുറ്റത്ത് വിളയുന്ന മുന്തിരിപ്പഴങ്ങൾ കൊണ്ടാണ്. കെട്ടിടത്തിനുള്ളിലെ തുറസ്സായ സ്ഥലത്താണ് മുന്തിരി പടർത്തിയിട്ടുള്ളത്. വിളഞ്ഞതും നിറം വന്നതും പാകമായി വരുന്നതുമായ മുന്തിരിക്കുലകൾ പിടിച്ചുകിടക്കുന്നത് മനോഹര കാഴ്ചയാണ്. യതീംഖാനയിലെ ഷാജഹാൻ അമാനി ആശ്രാമത്ത് നടന്ന പുഷ്പഫല സസ്യ പ്രദർശന മേളയിൽനിന്നാണ് മുന്തിരിത്തൈ വാങ്ങി നട്ടുപിടിപ്പിച്ചത്. പ്രത്യേക വളപ്രയോഗം ഒന്നും നടത്താതെ യതീംഖാനയിലെ കുട്ടികളും ഭരണസമിതി അംഗങ്ങളും ചേർന്ന് പരിപാലിച്ചതിനെതുടർന്ന് പടർന്നുപന്തലിച്ച വള്ളികളിൽ ധാരാളമായി മുന്തിരി പിടിക്കുകയായിരുന്നു. തങ്ങളുടെ മുറ്റത്ത് പിടിച്ച മുന്തിരികൊണ്ട് നോമ്പുതുറക്കുന്നത് ഒരു പ്രത്യേക അനുഭൂതി തന്നെയാണെന്നാണ് കുട്ടികൾ പറയുന്നത്. കടൽകടക്കുന്ന ഇൗത്തപ്പഴ റോസ്റ്റ് കൊല്ലം: നോമ്പുകാലമായാൽ അബ്ദുൽ കലാം ആസാദിനും വിദ്യാർഥിയായ മകനും തിരക്കാണ്. നോമ്പുതുറക്കാവശ്യമായ ഈത്തപ്പഴം റോസ്റ്റ് തയാറാക്കുന്ന തിരക്കിലാണ് ഇരുവരും. ഇവരുടെ കൈപുണ്യത്തിൽ തയാറാവുന്ന ഈത്തപ്പഴം റോസ്റ്റ് വിദേശരാജ്യങ്ങളിലേക്കും നോമ്പുതുറക്കായി കൊണ്ടുപോകാറുണ്ട്. കൊല്ലൂർവിള പള്ളിമുക്കിൽ ദേശീയപാതയോട് ചേർന്നുള്ള കൊച്ചുവണ്ടി കടയിലാണ് ഇവർ ഈത്തപ്പഴം റോസ്റ്റ് തയാറാക്കുന്നത്. മാവ്, പഞ്ചസാര, നെയ്യ്, ഏലക്ക പൊടിച്ചത് തുടങ്ങിയവ ചേർത്താണ് ഇത് നിർമിക്കുന്നത്. നോമ്പുകാലമായാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് വാങ്ങാനെത്തുന്നത്. മുന്തിയ ഇനം ഈത്തപ്പഴം ഉപയോഗിച്ചാണ് ഈത്തപ്പഴം റോസ്റ്റ് ഉണ്ടാക്കുന്നത്. -നജിമുദ്ദീൻ മുള്ളുവിള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.