മുടക്കില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർവിസ് മുടങ്ങുന്നു

അഞ്ചൽ: കൃത്യമായും മുടങ്ങാതെയും നടത്തിക്കൊള്ളാമെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി അനുകൂല ഉത്തരവ് നേടി നടത്തുന്ന ബസ്സർവിസ് നിലച്ചു. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് രാവിലെ 7.10 നുള്ള 'പി. അഞ്ചൽ' ബസ് സർവിസാണ് മുടങ്ങിയിരിക്കുന്നത്. ജീവനക്കാരെ വരുമാനം കുറഞ്ഞ മറ്റ് ഡ്യൂട്ടിക്കായി അയക്കുന്നതിനാൽ ആഴ്ചയിൽ ഭൂരിഭാഗം ദിവസവും സർവിസ് മുടങ്ങുകയാണ്. അഞ്ചലിൽ നിന്ന് പനച്ചവിള, തടിക്കാട്, അറയ്ക്കൽ, ഇടയം, പൊലിക്കോട്, വാളകം, ചിരട്ടക്കോണം, വെട്ടിക്കവല, ചെങ്ങമനാട്, കൊട്ടാരക്കര വഴി പട്ടാഴിയിലേക്കും തിരിച്ചും പണ്ട് രണ്ട് സ്വകാര്യബസുകൾ പന്ത്രണ്ട് ട്രിപ്പുകൾ നടത്തിയിരുന്നു. നാട്ടുകാർക്ക് ഏറ്റവും സൗകര്യപ്രദമായിരുന്ന ഈ സർവിസുകൾ കെ.എസ്.ആർ.ടി.സി ഇടപെട്ട് നിർത്തലാക്കുകയായിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ ഉണ്ടായിരുന്ന കേസിലാണ് 'കൃത്യമായും മുടങ്ങാതെയും ഈ റൂട്ടിൽ ബസ് സർവിസ് നടത്തിക്കൊള്ളാ'മെന്ന് കെ.എസ്.ആർ.ടി.സി എം.ഡി സത്യവാങ്മൂലം നൽകി അനുകൂല ഉത്തരവ് നേടിയത്. എന്നാൽ, അധികനാൾ കഴിയും മുമ്പേ സർവിസ് ഇടക്കിടെ മുടങ്ങുന്നത് പതിവായി. പിന്നീട് സ്ഥിരമായി മുടങ്ങിയതോടെ പ്രദേശത്തെ സാമൂഹികപ്രവർത്തകർ നിവേദനം നൽകിയതിനെ തുടർന്ന് 2009 ൽ കൊട്ടാരക്കര, പുനലൂർ എം.എൽ.എമാരായിരുന്ന െഎഷാ പോറ്റി, കെ. രാജു എന്നിവർ ഇടപെട്ട് പുതിയ ബസ് അനുവദിച്ചാണ് സർവിസ് പുനരാരംഭിച്ചത്. യാത്രക്കാർക്ക് ഏറ്റവും പ്രയോജനപ്പെട്ട അഞ്ചൽ -പട്ടാഴി ബസ് സർവിസ് മുടങ്ങുന്നതിനെതിരെ ഡിപ്പോ ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടി നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.