പോരുവഴി ബാങ്ക്​ കുംഭകോണം: ബാങ്ക്​ സെക്രട്ടറിയെ സി.പി.എം പുറത്താക്കി

ശാസ്താംകോട്ട: ധനാപഹരണ, വഞ്ചനക്കേസുകളിൽ പ്രതിയാക്കപ്പെട്ട പോരുവഴി സഹകരണ ബാങ്ക് മുൻ സെക്രട്ടറി രാജേഷ് കുമാറിനെ സി.പി.എം പാർട്ടിയിൽനിന്ന് പുറത്താക്കി. ജനവികാരം എതിരാവുന്നു എന്ന തിരിച്ചറിവിനെ തുടർന്നാണ് രണ്ടാഴ്ചയോളം മൗനംപാലിച്ച സി.പി.എം നടപടിയെടുത്തത്. സംഭവത്തിൽ പൊലീസ് ഇത്രയുംനാളായി നടത്തുന്ന നിസ്സംഗതക്കും ഒളിച്ചുകളിക്കും പിന്നിൽ സി.പി.എം നേതാക്കളുടെ ഇടപെടലാണെന്ന പ്രചാരണം ഉയരുന്നതിനിടെയാണ് രാജേഷ്കുമാറിനെ പാർട്ടി കൈവിട്ടത്. ഇയാളെ പോരുവഴി വടക്കേമുറി ബ്രാഞ്ച് കമ്മിറ്റി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രതാപൻ അറിയിച്ചു. ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും വഞ്ചിതരായ ഇടപാടുകാർക്ക് പണം തിരികെനൽകണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി ബാങ്കിലേക്ക് നടത്തിയ മാർച്ചിന് ശേഷമാണ് ലോക്കൽ കമ്മിറ്റിയുടെ തീരുമാനം വന്നത്. തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ പിടികൂടി ചോദ്യംചെയ്ത് ഇൗ റാക്കറ്റിലുള്ള മുഴുവൻ തട്ടിപ്പുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോൺഗ്രസ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. എസ്.ഡി.പി.െഎ തിങ്കളാഴ്ച ബാങ്കിലേക്ക് മാർച്ച് നടത്തിയിരുന്നു. ബി.ജെ.പിയും ഇതിനകം സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.