ഭരതന്നൂരിൽ വൃദ്ധയടക്കം രണ്ടുസ്ത്രീകളെ കാട്ടുപന്നി ആക്രമിച്ചു

പാങ്ങോട്: മലയോര മേഖലയായ ഭരതന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധയടക്കം രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരതന്നൂർ അയിരൂർ പാറവിളവീട്ടിൽ ഓമന (72), മംഗലത്തുവിള വീട്ടിൽ പരേതനായ പളനിസ്വാമിയുടെ ഭാര്യ തങ്ക (50) എന്നിവർക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ 6.30ഒാടെയാണ് സംഭവം. ആദ്യം തങ്കക്കാണ് കുത്തേറ്റത്. പുരയിടത്തിൽ ചത്തുകിടന്ന കോഴിയെ എടുക്കാനായി വീട്ടിൽ നിന്നിറങ്ങിവരവേ, റബർ പുരയിടത്തിൽനിന്ന് ഓടിയെത്തിയ പന്നി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാലിലും കൈക്കും സാരമായി പരിക്കേറ്റു. ഇവിടെനിന്ന് ഓടിയ പന്നി നൂറ് മീറ്റർ മാറി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഓമനയെയും ഇടിച്ചുവീഴ്ത്തി. വീഴ്ചയിൽ അബോധാവസ്ഥയിലായ ഇവരെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തങ്കയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഓമനയെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വനമേഖലയോട് ചേർന്നുകിടക്കുന്ന ഭരതന്നൂർ, മൈലമൂട് പ്രദേശങ്ങളിൽ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ആക്രമണം അടുത്ത കാലത്തായി വർധിക്കുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളടക്കം നിരവധി പേർക്കാണ് മൂന്നു മാസത്തിനകം കുരങ്ങി​െൻറ ആക്രമണത്തിൽ പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.