കുട്ടികളുടെ ചലച്ചിത്രോത്സവം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: മേയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി‍​െൻറ (ഐ.സി.എഫ്.എഫ്.കെ) ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. സിനിമയുടെ സാങ്കേതികവശങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക, സിനിമ ആസ്വാദനശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുകേഷ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു കൈരളി, ശ്രീ, നിള, ടാഗോര്‍, കലാഭവന്‍ തിയറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ടാഗോര്‍ തിയറ്ററാണ് പ്രധാന വേദി. ദിവസം ഒരു തിയറ്ററില്‍ നാല് സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. ഏഴു ദിവസങ്ങളിലായി 140 സിനിമയും. ഹ്രസ്വ ചിത്രങ്ങളും ഡോക്യുമ​െൻററികളും മേളയില്‍ ഉണ്ടാകും. രാജ്യത്തിനകത്തും പുറത്തുംനിന്ന് നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയിലെയും അനാഥാലയങ്ങളിലെയും കുട്ടികള്‍ക്ക് പെങ്കടുക്കാൻ അവസരം ഒരുക്കും. ടാഗോര്‍ തിയറ്ററില്‍ ദിവസവും സ്‌കൂള്‍ യുവജനോത്സവ വിജയികളുടെയും ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും കലാപരിപാടികള്‍, എക്‌സിബിഷന്‍ എന്നിവ നടക്കും. കൈരളി, ടാഗോര്‍ തിയറ്ററുകളില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപണ്‍ ഫോറം സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചലച്ചിത്രത്തി​െൻറ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിന് സ്ഥിരം വേദിയും ഉണ്ടാകും. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ബാല പ്രതിഭകളുടെ സംഗമവും ഒരുക്കുന്നുണ്ട്. 17 വയസ്സാണ് പെങ്കടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. പാസിന് 150 രൂപയാണ്. പാസിനായി ശിശുക്ഷേമ സമിതി ഓഫിസ് മുഖേനയോ www.icffk.com വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. 15ന് ഉച്ചക്ക് 12ന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.