സംസ്​ഥാനവിഹിതം വെട്ടരുതെന്ന്​ ധനകമീഷനോട്​ ഒന്നിച്ച്​ ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറക്കരുതെന്ന് ധനകാര്യകമീഷനോട് യോജിച്ച് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗ തീരുമാനം. ഈ മാസം 28 മുതലാണ് എൻ.കെ. സിങ്ങി​െൻറ നേതൃത്വത്തിൽ 15ാം ധനകാര്യകമീഷൻ സംസ്ഥാനത്തെത്തുന്നത്. കേന്ദ്രവിഹിതം വെട്ടിക്കുറക്കരുതെന്നും കടമെടുക്കാനുള്ള പരിധി കുറക്കരുതെന്നുമുള്ള കേരളത്തി​െൻറ പൊതു ആവശ്യത്തിൽ ബി.ജെ.പി അടക്കമുള്ള എല്ലാ പാർട്ടികളും ഒരുമിച്ചുനീങ്ങാൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. ജനസംഖ്യാ അനുപാതം 1971നു പകരം 2011 ആയി മാറ്റുന്നതും വായ്പപരിധി മൊത്ത ആഭ്യന്തര വരുമാനത്തി​െൻറ മൂന്നുശതമാനത്തിനു പകരം 1.8 ശതമാനമായി കുറക്കാനുള്ള തീരുമാനവുമാണ് കേരളത്തെ ആശങ്കയിലാഴ്ത്തുന്നത്. ജനസംഖ്യാനുപാതം പരിഷ്കരിക്കുമ്പോൾ കേരളത്തിനുള്ള വിഹിതത്തിൽ 45,000 കോടി രൂപ കുറയും. കടമെടുപ്പ്പരിധി മൂന്നുശതമാനത്തിൽ നിന്ന് കുറയുന്നതോടെ ആസൂത്രണചെലവ് പകുതിയായി കുറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മൊത്തം നികുതിവരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തി​െൻറ 2.5 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. മാനദണ്ഡം പരിഷ്കരിക്കുമ്പോൾ 1.8 ശതമാനമായി കുറയും. ഈ സാഹചര്യത്തിൽ നേരേത്ത ലഭിച്ചിരുന്ന തുക സംസ്ഥാനത്തിന് ലഭ്യമാക്കാൻ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും ഇളവിന് കൂട്ടായ ശ്രമം നടത്തണമെന്ന് യോഗത്തിൽ ആമുഖപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യാനുപാതം 1971ൽ നിന്ന് 2011 ആക്കി മാറ്റുമ്പോൾ ജനസംഖ്യാനിയന്ത്രണം കർശനമായി പാലിച്ചതി​െൻറ പരിഗണന സംസ്ഥാനത്തിന് ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 28ന് സംസ്ഥാനത്തെത്തുന്ന കമീഷൻ 28നും 29നും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, വ്യവസായികൾ എന്നിവരുമായി ചർച്ച നടത്തും. ഏത് തരത്തിലുള്ള നിവേദനം നൽകിയാലും വരുമാനം കുറയാതിരിക്കാൻ മുൻകരുതലെടുക്കാൻ ധാരണയായി. 29ന് രാവിലെ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി കമീഷൻ ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തും. 30ന് തൃശൂർ മേഖലയിൽ കമീഷൻ സന്ദർശനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.