ഭക്ഷ്യഭദ്രതാനിയമം: വേതന പാക്കേജ് പുനഃപരിശോധിക്കാൻ സബ്കമ്മിറ്റി

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് റേഷൻ വ്യാപാരികൾക്കായി ഏർപ്പെടുത്തിയ വേതന പാക്കേജ് പുനഃപരിശോധിക്കുന്നതിന് സബ് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനമായി. ഭക്ഷ്യമന്ത്രി പി. തിലോത്തമ‍​െൻറ അധ്യക്ഷതയിൽ ചേർന്ന റേഷൻ വ്യാപാരി സംഘടനാ നേതാക്കളുടെയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിൽ 45 ക്വിൻറൽ മുതൽ 72 ക്വിൻറൽ വരെ വിൽക്കുന്ന വ്യാപാരിക്ക് 16,000 രൂപയാണ് വേതനമായി ലഭിക്കുന്നത്. എന്നാൽ, ഈ തുക കൊണ്ട് കട നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് വ്യാപാരികൾ മന്ത്രിയെ അറിയിച്ചു. ഇ-പോസ് മുഖേന റേഷൻ വിതരണം ആരംഭിച്ചതോടെയാണ് പ്രഖ്യാപിച്ച രീതിയിലുള്ള വരുമാനം ലഭിക്കുന്നത്. പത്തനംതിട്ടയിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ച 41 കടകളിൽ ഒരൊറ്റ വ്യാപാരിക്ക് പോലും 16,000 വേതനമായി ലഭിക്കുന്നില്ല. തിരുവനന്തപുരത്ത് 46 കടകളിൽ മെഷീൻ സ്ഥാപിച്ചെങ്കിലും ശരാശരി വരുമാനം 11,000 രൂപയിൽ താഴെ മാത്രമാണ്. എറണാകുളത്ത് 46 കടകളിൽ 32 കടകളിലും 10,000 രൂപയിൽ താഴെ മാത്രമാണ് ശരാശരി വരുമാനം. കടവാടക, കറൻറ് ചാർജ്, സഹായിക്കുള്ള വരുമാനം എന്നിവ ഈ തുകയിൽനിന്ന് വേണം കണ്ടെത്താനെന്നും ഒാരോ മാസം കഴിയും തോറും വ്യാപാരികൾ കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. ഇതോടെയാണ് വേതന പാക്കേജിനെക്കുറിച്ച് പഠിക്കുന്നതിന് ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപാരിപ്രതിനിധികളും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ സബ് കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇ-പോസ് മെഷീന്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതി​െൻറ അവസാനഘട്ടം ഈ ആഴ്ചയോടെ പൂര്‍ത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനവും റേഷന്‍ കടകളുടെ നവീകരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനവും മേയ് 18ന് കണ്ണൂരില്‍ നടക്കും. സപ്ലൈകോ ഉൽപന്നങ്ങളില്‍ നോണ്‍ മാവേലി, ശബരി ഇനങ്ങള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതി​െൻറ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.