കോവളം ബൈപാസിലെ മദ്യശാലക്കെതിരാ‍യ സമരം അഞ്ചാംദിനം പിന്നിട്ടു

അമ്പലത്തറ: കോവളം ബൈപാസില്‍ പരുത്തിക്കുഴി ഭാഗത്ത് തുറന്ന സര്‍ക്കാര്‍ മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മദ്യവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന ഉപവാസം അഞ്ചാം ദിവസം കടന്നു. രാവിലെ മദ്യശാല തുറക്കുന്നത് മുതല്‍ രാത്രി അടയ്ക്കുന്നത് വരെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ ഉപരോധം നടത്തുകയാണ്. മദ്യശാലയിലെ ജീവനക്കാര്‍ ദിവസവും രാവിലെ എത്തി സ്ഥാപനം തുറുക്കുന്നുണ്ടെങ്കിലും കച്ചവടം നടത്താന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. സ്ഥാപനത്തില്‍ കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്നും പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാറിന് ഉണ്ടാകുകയാണെന്നും സമരക്കാരെ മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് ഷോപ് മാനേജര്‍ പൂന്തുറ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഉപവാസ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കടക്കാതെ സമരക്കാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങി. സമരത്തിനെതിരെ പ്രതിദിനം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പൊലീസ് നടപടികൾ നിയമപരമായി നേരിടുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. അതേസമയം, സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ- സംസ്കാരിക രംഗത്തെ നിരവധി പേര്‍ ദിവസവും പന്തലില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വ്യാഴാഴ്ചത്തെ വെൽഫെയർ പാർട്ടി പ്രവർത്തകർ പരുത്തിക്കുഴിയിൽനിന്ന് പ്രകടനമായി സമരപ്പന്തലിൽ എത്തി. തുടർന്ന് ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, ജില്ലാ സെക്രട്ടറി ഷറഫുദീൻ കമലേശ്വരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.