അബ്​ദുന്നാസിർ മഅ്​ദനിക്ക്​ വികാരനിർഭര യാത്രയയപ്പ്​

ശാസ്താംകോട്ട: മാതാപിതാക്കളെ സന്ദർശിക്കാൻ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയതിനെ തുടർന്ന് ജന്മനാട്ടിലെത്തിയ അബ്ദുന്നാസിർ മഅ്ദനിക്ക് അൻവാർശ്ശേരിയിൽ വികാര നിർഭരയാത്രയയപ്പ്. ബുധനാഴ്ച വൈകീട്ട് 4.30 ഒാടെയാണ് അൻവാർശ്ശേരിയിൽനിന്ന് മഅ്ദനി ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അൻവാർശ്ശേരി ജുമാ മസ്ജിദിൽ അദ്ദേഹം ആയിരങ്ങൾ പങ്കുകൊണ്ട പ്രാർഥനക്ക് നേതൃത്വം നൽകി. നിരപരാധിത്വം തെളിയിച്ച് അൻവാറി​െൻറ മണ്ണിലും ജന്മനാട്ടിലും മടങ്ങിയെത്താൻ ഇടയാക്കണേയെന്ന് അദ്ദേഹം പ്രാർഥിച്ചപ്പോൾ അഭ്യുദയകാംക്ഷികളുടെയെല്ലാം കണ്ണുനിറഞ്ഞു. നെടുമ്പാശ്ശേരിയിൽനിന്ന് എയർ ഏഷ്യാ വിമാനത്തിലാണ് മഅ്ദനി ബംഗളൂരുവിലേക്ക് പോയത്. നിരപരാധിത്വം തെളിയിച്ച് മടങ്ങിവരും -സമദ് മാസ്റ്റർ ശാസ്താംകോട്ട: നിരപരാധിത്വം തെളിയിച്ച് മഅ്ദനി ജന്മനാട്ടിൽ ഒരുനാൾ മടങ്ങിയെത്തുക തന്നെ ചെയ്യുമെന്ന് പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റർ. ആ സുദിനം കാണാൻ ആയുസ്സ് തേരണമേയെന്ന പ്രാർഥനയാണ് തങ്ങൾ മാതാപിതാക്കുള്ളതെന്നും അദ്ദേഹം 'മാധ്യമ' ത്തോട് പറഞ്ഞു. 53 വയസ്സിനിടെ മഅ്ദനി അനുഭവിച്ചത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനമാണ്. എനിക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്തെല്ലാം മകന് നീതി ലഭ്യമാക്കാൻ അലഞ്ഞു. അതിൽ വിജയിക്കുകയും ചെയ്തു. ഇപ്പോൾ വിചാരണത്തടവുകാരനായി അനിശ്ചിതമായി നിയന്ത്രിത ജാമ്യത്തിൽ കഴിയുന്നു. ഇതിനെല്ലാം സർവശക്തൻ പരിഹാരം ഉണ്ടാക്കിത്തരുമെന്ന പ്രതീക്ഷയാണുള്ളത്-സമദ് മാസ്റ്റർ പറഞ്ഞു. മടക്കയാത്രയുടെ മുന്നോടിയായി മഅ്ദനി കുടുംബവീടായ തോട്ടുവാൽ മൻസിലിൽ എത്തി മാതാപിതാക്കളായ സമദ് മാസ്റ്റർ മാസ്റ്ററോടും അസ്മാബീവിയോടും യാത്ര ചോദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.