പി. ഭാസ്കരൻ പോരാട്ടത്തിന് പുത്തൻ ഉണർവേകിയ കവി-മുഖ്യമന്ത്രി പി. ഭാസ്കരെൻറ പ്രതിമ അനാച്ഛാദനം ചെയ്തു തിരുവനന്തപുരം: പി. ഭാസ്കരൻ പോരാട്ടത്തിന് പുത്തൻ ഉണർവേകിയ കവിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവീയം വീഥിയിൽ പി. ഭാസ്കരെൻറ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശപ്രകാരം കോട്ടയം ഭാസിയെ കാണാൻ എത്തുമ്പോഴാണ് പി. ഭാസ്കരൻ അറസ്റ്റിലായത്. പുറത്തിറങ്ങിയപ്പോൾ ആദ്യം പോയത് വയലാറിലേക്കാണ്. തുടർന്ന് 'വയലാർ ഗർജിക്കുന്നു'വെന്ന പ്രവചനാത്മകമായ കവിതയെഴുതി. 'ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തനുയിർ നാട്ടിനേകിക്കൊണ്ടെ'ന്ന വരി പിൽക്കാലത്ത് യാഥാർഥ്യമായി. തിരുവിതാംകൂർ ദിവാൻ ആ കവിത നിരോധിച്ചു. അങ്ങനെ വിപ്ലവചരിത്രത്തിലെ പുതിയ ഏടായി കവിത. പൊലീസ് അറസ്റ്റ് ചെയ്ത് വിലങ്ങുവെച്ച് തെരുവിലൂടെ നടത്തിയ അനുഭവവും പി. ഭാസ്കരനുണ്ടായെന്ന് പിണറായി പറഞ്ഞു. പ്രതിമ സ്ഥാപിക്കാൻ ആദ്യം തെരഞ്ഞെടുത്തത് പാളയമായിരുന്നു. എന്നാൽ, പ്രതിരോധവകുപ്പ് എതിർത്തു. പിന്നീട് ബാങ്ക് ഓഫ് ബറോഡക്ക് സമീപം സ്ഥലം കണ്ടെത്തി. അതിനും സ്റ്റേ വന്നു. അതോടെ എൽ.ഡി.എഫ് സർക്കാറിെൻറ കാലം കഴിഞ്ഞു. പിന്നീട് യു.ഡി.എഫിെൻറ കാലത്ത് അഞ്ചുവർഷം ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. ഗായകൻ യേശുദാസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, അടൂർ ഗോപാലകൃഷ്ണൻ, നടൻ മധു, ലെനിൻ രാജേന്ദ്രൻ, ശ്രീകുമാരൻ തമ്പി, സിബി മലയിൽ, പി. ശ്രീകുമാർ, മേയർ വി.കെ. പ്രശാന്ത്, രാഖി രവികുമാർ തുടങ്ങിയവർ സംസാരിച്ചു. ശിൽപി ജീവൻ തോമസിനെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. 'എല്ലാരും ചൊല്ലണ്'- പി. ഭാസ്കരൻ സ്മരണിക മന്ത്രി എ.കെ. ബാലൻ യേശുദാസിന് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമിയും സാംസ്കാരികവകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മാനവീയത്തിൽ തെരുവ് സിനിമ തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മാനവീയം വീഥിയിൽ തെരുവ് സിനിമ പ്രദർശനം നടത്തുമെന്ന് കമൽ പറഞ്ഞു. എല്ലാ ആഴ്ചയും സിനിമ പ്രദർശനമുണ്ടാകും. കോഴിക്കോടും തൃശൂരും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും സിനിമ കാണാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.