അതിർത്തിയിലെ കള്ളക്കടത്ത്: ബിഷു ഷെയ്​ഖിന് ജാമ്യം

തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തുകാരനും നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയുമായ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖിന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ല വിട്ടുപോകാൻ പാടില്ല, കോടതിയിൽ രണ്ടു ദിവസത്തിനകം പാസ്പോർട്ട് നൽകണം, അതിർത്തി സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കരുത്‌, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ കൊച്ചിയിലെ സി.ബി.ഐ ഓഫിസിൽ ഹാജരാകണം, ജാമ്യം നിൽക്കുന്നവർ കേരളത്തിൽനിന്നുതന്നെ ആകണം എന്നീ വ്യവസ്ഥകളോെടയാണ് ജാമ്യം അനുവദിച്ചത്. രണ്ടുമാസമായി ബിഷു ഷെയ്ഖ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള സമയം ആയതിനാലാണ് ജാമ്യമെന്നും ഉത്തരവിൽ പറയുന്നു. മുൻ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഫാറൂഖ് എം. റസാക്കാണ് ബിഷു ഷെയ്ഖിനുവേണ്ടി ഹാജരായത്. കഴിഞ്ഞ മാർച്ച് നാലിനാണ് ബി.എസ്.എഫ് കമാൻഡർ ജിബു ഡി. മാത്യുവിന് കൈക്കൂലി നൽകിയിരുന്ന ബിഷു ഷെയ്ഖിനെ സി.ബി.െഎ കൊൽക്കത്തയിൽനിന്ന് പിടികൂടിയത്. ഇന്ത്യ- -ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് ബി.എസ്.എഫ് കമാൻഡൻറ് വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നത് ബിഷുഷെയ്ഖി​െൻറ നിർദേശപ്രകാരമാണെന്നാണ് സി.ബി.ഐയുടെ വാദം. അരക്കോടി രൂപയുമായി യാത്ര ചെയ്യവെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.െഎ സംഘം ബി.എസ്.എഫ് കമാൻഡൻറ് ജിബു ഡി .മാത്യുവിനെ പിടികൂടുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് ബിഷു ഷെയ്ഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.