കെട്ടിട നിർമാണത്തിന്​ വ്യാജ എൻ.ഒ.സികൾ; റെഡ്​സോൺ പരിധിയിൽ കള്ളക്കളിയുമായി ഏജൻറുമാർ

തിരുവനന്തപുരം: കെട്ടിട നിർമാണത്തിന് റെഡ്‌സോണ്‍ പരിധിയില്‍ നിര്‍ബന്ധമാക്കിയ എയർപോർട്ട് അതോറിറ്റിയുടെ എന്‍.ഒ.സികള്‍ വ്യാജമായി നിര്‍മിച്ച് വിതരണം ചെയ്യുന്നതായി പരാതി. 15,000 രൂപ മുതല്‍ മുകളിലോട്ടാണ് എന്‍.ഒ.സി തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പാവപ്പെട്ടവരില്‍നിന്നുള്‍പ്പെടെ ഏജൻറുമാര്‍ ഈടാക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് അപേക്ഷകള്‍ നല്‍കുന്നത്. കോര്‍പറേഷ​െൻറ ഫോര്‍ട്ട്‌ സോണല്‍ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ ഏജൻറുമാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. വ്യാജമായി നിര്‍മിച്ചെന്ന് കരുതുന്ന ഇരുപതോളം എന്‍.ഒ.സികളാണ് അടുത്തിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയെത്തിയിരിക്കുന്നത്. എന്‍.ഒ.സികള്‍ തയാറാക്കുന്നതിന് എയർപോർട്ട് അതോറിറ്റി നിയോഗിച്ച അംഗീകൃത ഏജന്‍സികളാണ് വ്യാജ എന്‍.ഒ.സികള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്. പരാതി ഉയര്‍ന്നതോടെ എയർപോർട്ട് അതോറിറ്റി അധികൃതർ ബന്ധപ്പെട്ട കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. വിമാനത്താവളത്തി​െൻറ 4.5 കിലോമീറ്റര്‍ ചുറ്റളവില്‍ കെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് 'റെഡ്‌സോണ്‍' ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത്. 20 വാര്‍ഡുകളാണ് ഈ പരിധിയില്‍ വരുന്നത്. ഇവിടങ്ങളില്‍ എയർപോർട്ട് എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ ചെറിയ കെട്ടിടങ്ങള്‍ക്കുപോലും നിര്‍മാണാനുമതി ലഭിക്കുകയുള്ളൂ. എന്‍.ഒ.സി നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ നിര്‍മാണത്തിനുള്ള അപേക്ഷ കോര്‍പറേഷന്‍ മുന്നോട്ട് വിടുകയുള്ളൂ. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ചെന്നൈ ഓഫിസില്‍നിന്നാണ് എന്‍.ഒ.സി ലഭ്യമാകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്തിടെ കണ്ടെത്തിയ ഇരുപതോളം എന്‍.ഒ.സികളില്‍ അതോറിറ്റിയുടെ സീലും ഒപ്പും അവ്യക്തമാണ്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് കുറഞ്ഞ നിലവാരത്തിലുള്ള പേപ്പറിലുമാണ്. ഇതൊക്കെയാണ് വ്യാജമായി ഇവ നിര്‍മിച്ചതാണെന്ന സംശയത്തിന് കാരണം. എന്‍.ഒ.സിയുടെ അപേക്ഷകള്‍ തയാറാക്കുന്നതിന് വിമാനത്താവള അതോറിറ്റി ചില ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികളിലൊരു വിഭാഗമാണ് വ്യാജ എന്‍.ഒ.സികള്‍ വിതരണം ചെയ്തതായി കണ്ടെത്തിയത്. ഇവര്‍ പരാതി എയര്‍പോര്‍ട്ട് അതോറിറ്റിക്കും കൈമാറിയിരുന്നു. തുടര്‍ന്നാണ് എയർപോർട്ട് അധികൃതര്‍ കോര്‍പറേഷന്‍ ഫോര്‍ട്ട്‌ സോണലുമായി ബന്ധപ്പെട്ടതത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.