ടെറസിൽ ചവറിട്ട്​ കത്തിച്ചു; ഫയർഫോഴ്​​െസത്തി തീകെടുത്തി

തിരുവനന്തപുരം: ടെറസിൽ ഉടമ ചവർ കൂട്ടിയിട്ട് കത്തിച്ചു, തീ ഉയർന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വരുത്തി. ടെറസിൽ തീ കത്തിക്കാൻ പാടില്ലെന്ന ചട്ടമുള്ളതിനാൽ ഒടുവിൽ ഉടമക്ക് അഗ്നിരക്ഷാസേന നോട്ടീസ് നൽകി. വഴുതക്കാട് ഫ്ലാറ്റിന് മുകളിൽ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതാണ് പുലിവാലുപിടിച്ചത്. വൻ പുകപടലം ഉയർന്നതോട തീപിടിച്ചതാണെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ചെങ്കൽചൂളയിൽനിന്ന് സംഘമെത്തി തീകെടുത്തി. ഫ്ലാറ്റ്, വീട് എന്നിവയുടെ ടെറസിൽ തീ കത്തിക്കാൻ പാടില്ലാത്തതിനാൽ നിയമലംഘനം നടത്തിയതിനെ ഫ്ലാറ്റ് അധികൃതർക്ക് അഗ്നിശമനസേന സംഘം നോട്ടീസ് നൽകി. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വിമൻസ് കോളജിന് സമീപത്തെ ഫ്ലാറ്റിലെ ടെറസിന് മുകളിൽനിന്നാണ് വലിയ പുകപടലങ്ങൾ ഉയർന്നത്. ഇതിനൊപ്പം ചില പൊട്ടിത്തെറികളും കേട്ടു. ഇതോടെ തീ പിടിച്ചതാണെന്ന ധാരണയിൽ നാട്ടുകാർ ചെങ്കൽചൂള അഗ്നിശമന ഓഫിസിൽ വിവരം അറിയിച്ചു. ഇവിടെനിന്ന് ഒരു യൂനിറ്റ് എത്തി തീകെടുത്താനായി ശ്രമം തുടങ്ങിയപ്പോഴാണ് വലിയ രണ്ടുബിന്നുകളിലായി ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതാണെന്ന് വ്യക്തമായത്. തീ പടരാതിരിക്കാൻ ഇതിനടുത്തായി ആളും ഉണ്ടായിരുന്നു. തീയിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത സ്പ്രേ കുപ്പികൾ ഇട്ട് കത്തിച്ചതിനാലാണ് പൊട്ടിത്തെറിയുടെ ശബ്ദംകേട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലാറ്റിലെ ടെറസിൽ തീകത്തിക്കുന്നത് നിയമലംഘനമാണെന്ന് ബോധ്യപ്പെടുത്താനും ഇനി ആവർത്തിക്കാതിരിക്കാനുമാണ് നോട്ടീസ് നൽകിയത്. ഫ്ലാറ്റ്, വീട് എന്നിവയിലെ ടെറസിൽ ചവർ കൂട്ടിയിട്ട് കത്തിക്കുന്നത് കാറ്റ് മൂലം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നതിനും വൻഅഗ്നിബാധക്കും വഴിവെക്കും. അതിനാൽ ആരും ഇതിന് മുതിരരുതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.