ആളും അനക്കവുമില്ലാതെ റെയിൽവേ ഗുഡ്സ്​ ഷെഡ്; അന്നംമുട്ടി തൊഴിലാളികൾ

*2688 ടൺ അരി വാഗണിൽ എത്തിക്കാൻ വേണ്ടത് വെറും 1,12,312 രൂപ. ലോറിയിൽ 20 ടൺ എത്തിക്കാൻ 84,000 രൂപ വേണം കൊല്ലം: ലോറികളുടെ തിരക്കുകളോ, തൊഴിലാളികളുടെ പരക്കംപാച്ചിലുകളോ ഇല്ലാതെ വിജനമായി കൊല്ലം ഗുഡ്സ് ഷെഡ്. ആന്ധ്രയിൽനിന്നുള്ള അരി ലോറികളിൽ നേരിട്ട് എത്തിക്കാൻ തുടങ്ങിയതോടെയാണ് ഗുഡ്സ് ഷെഡുകൾ അനാഥമായത്. നേരത്തേ സ്ഥിരമായി അരിയെത്തിയിരുന്ന സ്ഥാനത്തിപ്പോൾ വല്ലപ്പോഴും മാത്രമാണ് അരിയെത്തുന്നത്. സ്വകാര്യ വിൽപനക്കുള്ള അരി മുമ്പ് റെയിൽവേയുടെ വാഗണുകളിലായിരുന്നു ആന്ധ്രയിൽനിന്ന് കേരളത്തിൽ എത്തിച്ചിരുന്നത്. വാഗണുകളിൽ എത്തിക്കുന്നതിനെക്കാൾ െചലവ് ഏറെയാണ് ലോറികളിൽ എത്തിക്കുമ്പോൾ. ആന്ധ്രയിലെ ദ്വാരപുടിയിൽനിന്നാണ് അരി കൊണ്ടുവരുന്നത്. അവിടെനിന്ന് കേരളത്തിലേക്ക് 1387 കിലോമീറ്ററുണ്ട്. ഒരു ടോറസ് ലോറിയിൽ രണ്ട് ലോഡ് (20 ടൺ) അരി പരമാവധി കയറ്റാൻ കഴിയും. ഇതിനായി നിലവിൽ 84,000 രൂപയാണ് ലോറി വാടക. ഒരു വാഗണിൽ ആറ് ലോഡ് (64 ടൺ) കയറ്റാം. അത്തരത്തിൽ 42 വാഗണുകളിലായി 2688 ടൺ അരി ഒരേസമയം എത്തിക്കുന്നതിന് 1,12,312 രൂപയോ ഗുഡ്സ് ഷെഡിന് നൽകേണ്ടതുള്ളൂ. പിന്നീട് കൊല്ലത്തുനിന്ന് ലോറികളിൽ കയറ്റി നഗരത്തിലും മറ്റ് സംസ്ഥാനങ്ങളിലും അരി എത്തിക്കും. അന്ന് അരിയുടെ വില 26 രൂപ മാത്രമായിരുന്നു. എന്നാലിപ്പോൾ 42 രൂപ ചില്ലറ വില നൽകേണ്ടിവരുന്നതിനു പിന്നിലും ഇതാണ് കാരണമെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. ആന്ധ്രയിൽനിന്ന് നേരിട്ട് അരി എത്തിക്കാൻ തുടങ്ങിയതോടെ ലോറി ഉടമകളും തൊഴിലാളികളുമടക്കമുള്ളവർ പട്ടിണിയുടെ വക്കിലാണ്. കൊല്ലം ഗുഡ്സ് ഷെഡിലെ 204 ലോറികളിലെ ഡ്രൈവർമാർ, ക്ലീനർമാർ ഉൾെപ്പടെയുള്ള 408 പേർ, 160 ചുമട്ടുതൊഴിലാളികൾ, 40 ക്ലീനിങ് ഏജൻറുമാർ എന്നിവർക്കാണ് ഇതോടെ വരുമാനം നിലച്ചത്. ആന്ധ്രാ മുതലാളിമാരുടെ നാല് പ്രധാന ലോബികൾ ഇവിടെ പ്രവർത്തിച്ചുവരുന്നതായും അവരാണ് വില നിയന്ത്രിക്കുന്നതെന്നും ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ, ലോഡിങ് വർക്കേഴ്സ് അസോ. ഭാരവാഹികൾ ആരോപിച്ചു. ഇതോടെ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്. അരിമേഖലയിലെ ദല്ലാളന്മാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ലോറി ഡ്രൈവേഴ്സ് അസോ. ജില്ലാ സെക്രട്ടറി മുരളീധരൻ പറഞ്ഞു. ഗുഡ്സ് ഷെഡിൽ അരി എത്തിയാൽ അവരുടെ കമീഷൻ നഷ്ടമാകും. അഞ്ഞൂറോളം തൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. ഗുഡ്സ് ഷെഡിലെ തൊഴിലാളികളുടെ പ്രശ്നം നിസ്സാരമായി കാണാൻ കഴിയുന്നതല്ലെന്ന് മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് ജില്ലാ പ്രസിഡൻറ് എസ്. രമേശ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. എം.പി അടക്കമുള്ളവരെ വിഷയം ധരിപ്പിച്ചു. അരി ഗുഡ് ഷെഡിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.