പരവൂർ കായലിൽ വെള്ളം ഉയർന്നെന്ന വാദം അടിസ്ഥാനരഹിതം

പരവൂർ: പൊഴിക്കര സ്പിൽവേയുടെ ഷട്ടറുകൾ തുറന്നിട്ടും പരവൂർ കായലിൽനിന്ന് വെള്ളം കടലിലേക്കൊഴുകുന്നില്ല. കായലിൽ വെള്ളം ഉയർന്നെന്ന വാദം അടിസ്ഥാനരഹിതം. കടൽഭിത്തി പൊളിച്ചുനീക്കിയശേഷം എക്സ്കവേറ്റർ പൊഴിമുഖത്തേക്കിറക്കി മണൽ ആഴത്തിൽ നീക്കംചെയ്തിട്ടും കുറച്ചുസമയം മാത്രമാണ് വെള്ളം ഒഴുകിയത്. കായലിൽ ആവശ്യത്തിലധികം വെള്ളമുണ്ടെങ്കിൽ ഷട്ടറുകൾ തുറന്നാൽ സ്വാഭാവികമായിത്തന്നെ വെള്ളമൊഴുകുമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകാത്തതിനെത്തുടർന്നാണ് പൊഴിമുഖം ആഴത്തിൽ കുഴിച്ച് മണൽ നീക്കംചെയ്തത്. ഇതേത്തുടർന്ന് കായലിൽനിന്ന് കുറെ വെള്ളം ഒലിച്ചുപോയിരുന്നു. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊഴിമുഖം അടയുകയും ഒഴുക്ക് നിലക്കുകയുമായിരുന്നു. കായലിൽ ആവശ്യത്തിലധികം വെള്ളമില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തി​െൻറ കുടിവെള്ളം മുട്ടിച്ചുകൊണ്ട് റിസോർട്ടുകാരുടെ താൽപര്യം സംരക്ഷിക്കാനാണ് കായൽവെള്ളം വറ്റിക്കാൻ ശ്രമിക്കുന്നതെന്നും ആക്ഷേപമുയരുന്നു. ഇതിന് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തെറ്റായ നടപടികളിൽനിന്ന് പിന്മാറണമെന്നാണ് ആവശ്യം. പൊഴിമുഖം കുഴിച്ച് കായലിൽനിന്ന് വെള്ളം കടലിലേക്കൊഴുക്കിയതിനെതുടർന്ന് ഒറ്റദിവസംകൊണ്ട് പ്രദേശത്തെ കിണറുകളിൽ വൻതോതിൽ വെള്ളം കുറഞ്ഞെന്ന് പരാതിയുണ്ട്. കായലിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞാൽ ഒരുതുള്ളി വെള്ളം കിട്ടാത്ത സ്ഥിതി വരുമെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ ഉപ്പുവെള്ളം കായലിലേക്ക് അമിതമായി കയറുകയും ഉള്ള ജലസമ്പത്തുകൂടി മലിനപ്പെടുമെന്നും അവർ പറയുന്നു. കായലോരത്തെ കൃഷിയെയും ഇത് ദോഷകരമായി ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.