ദേശീയപാത വികസനം: നടപടികൾ മുന്നോട്ട്​; ഭൂ ഉടമകൾ ആശങ്കയിൽ

കൊല്ലം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ദേശീയപാത അതോറിറ്റി മുന്നോട്ട്. വിജ്ഞാപനം പുറത്തിറങ്ങിയ ചേർത്തല-കഴക്കൂട്ടം, മലപ്പുറം ജില്ല എന്നിവിടങ്ങളിൽ ഏപ്രിൽ ആദ്യവാരം മുതൽ കല്ലിട്ട് ഭൂമി വേർതിരിക്കൽ തുടങ്ങും. എന്നാൽ, വൻതോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുന്ന പദ്ധതിയിൽ വിട്ടുനൽകുന്ന ഭൂമിയുടെ വിലയെയും പുനരധിവാസെത്തയും ചൊല്ലി ഭൂ ഉടമകളിൽ ആശങ്ക ഏറുകയാണ്. 1956ലെ ദേശീയപാത ആക്ട് അനുസരിച്ചാണ് വിജ്ഞാപനമിറങ്ങിയത്. ഇതാണ് പ്രതിഫലത്തെ ചൊല്ലി ആശങ്ക ഉയരാൻ കാരണമാകുന്നത്. 1956ലെ നിയമത്തിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന പൊന്നുംവിലയാണ് നിഷ്കർഷിക്കുന്നത്. എന്നിരുന്നാലും 2013െല ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമമനുസരിച്ചാവും പ്രതിഫല വിതരണമെന്നാണ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.െഎ) അധികൃതർ പറയുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏറ്റെടുത്ത ഭൂമിക്ക് 2013െല നിയമം അനുശാസിക്കുംവിധം പ്രതിഫലം നൽകിയെന്നും അതനുസരിച്ച് മറ്റിടങ്ങളിലും നൽകുമെന്നും അവർ പറയുന്നു. 1956ലെ വിജ്ഞാപനമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ നിയമമനുസരിച്ച് വില ലഭിക്കണമെന്ന ആവശ്യം നിലനിൽക്കില്ലെന്ന് ഒരുവിഭാഗം നിയമവിദഗ്ധർ പറയുന്നു. ഇതേ വിജ്ഞാപനമിറക്കി ഭൂമി ഏറ്റെടുത്ത രണ്ട് ജില്ലകളിൽ പുതിയനിയമം അനുസരിച്ച് പ്രതിഫലം നൽകിക്കഴിഞ്ഞതിനാൽ മറ്റുള്ളവർക്കും അതേപ്രതിഫലം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് അഭിഭാഷകനായ തോമസ് ആൻറണി 'മാധ്യമ'ത്തോട് പറഞ്ഞു. 2013െല നിയമത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഇരകളാകുന്നവരിൽ 70 ശതമാനത്തി​െൻറ സമ്മതം ആവശ്യമാണെന്ന് നിഷ്കർഷിക്കുന്നുണ്ട്. അതേനിയമത്തി​െൻറ നാലാം ഷെഡ്യൂളിൽ നാഷനൽ ഹൈവേകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെ ഇൗ വിധം സമ്മതംവേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് ആക്ടനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുന്നതിന് പുറമെയാണ് പുനരധിവാസവും ഉറപ്പുവരുത്തുക. ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നൽകുക എൻ.എച്ച്.എ.െഎയാണ്. പ്രതിഫലം ഒറ്റത്തവണയായി നൽകും. ആവശ്യമായ ഫണ്ട് ഉള്ളതിനാൽ പ്രതിഫലം വൈകില്ലെന്നും എൻ.എച്ച്.എ.െഎ അധികൃതർ പറയുന്നു. പ്രതിഫലം കണക്കാക്കുന്നതിങ്ങനെ നഗരങ്ങളിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് കേമ്പാളവില നൽകും. മൂന്നുവർഷത്തിനിടെ അവിടെ നടന്ന ഏറ്റവും ഉയർന്ന വിൽപന വിലയുടെ ശരാശരി കണക്കാക്കിയാണ് കേമ്പാള വില നിശ്ചയിക്കുന്നത്. നഗരപരിധിയിൽനിന്ന് 10 കിലോമീറ്റർവരെ ദൂരത്തിൽ കേമ്പാളവില കണക്കാക്കി അതി​െൻറ 20 ശതമാനം തുക കൂടുതൽ നൽകും. 10 മുതൽ 20 കിലോമീറ്റർവരെ ദൂരമുള്ളിടങ്ങളിൽ 40 ശതമാനവും 20 മുതൽ 30 വരെ 60 ശതമാനവും 30 മുതൽ 40 വരെ 80 ശതമാനവും 40 മുതൽ 50 വരെ ഇരട്ടിതുകയും കൂടുതലായി നൽകും. 30 വർഷംവരെ പഴക്കമുള്ള കെട്ടിടങ്ങൾക്കും പുതുതായി നിർമിക്കുന്നതിന് വേണ്ടിവരുന്ന തുക കണക്കാക്കി നൽകും. മറ്റ് നിർമിതികൾ, മരങ്ങൾ, അവയിൽനിന്നുള്ള ആദായം എന്നിവയും കണക്കാക്കി പ്രതിഫലം നൽകും. ഇതെല്ലാം കൂട്ടിക്കിട്ടുന്ന തുകയുടെ അത്രയുംതുക ആശ്വാസധനമായും നൽകും. ത്രീഡി വിജ്ഞാപനമിറങ്ങിയ ഫെബ്രുവരി മുതലുള്ള പലിശയും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.