പുനലൂർ താലൂക്ക് ആശുപത്രിയിൽ പേവിഷത്തിന് പ്രതിരോധ മരുന്നില്ല; ജനംവലയുന്നു

പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന ആശുപത്രിയായ പുനലൂർ താലൂക്കാശുപത്രിയിൽ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ മരുന്നില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പത്തനാപുരം, പുനലൂർ താലൂക്കിലുള്ളവർക്ക് ആശ്രയമായ ഇവിടെ ദിവസവും 10 പേരെങ്കിലും നായുടെ കടിയേറ്റും മറ്റും എത്താറുണ്ട്. തിങ്കളാഴ്ച പുലർച്ച പത്തനാപുരത്തെ കുണ്ടയം, മഞ്ചള്ളൂർ, പിടവൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പേപ്പട്ടിയുടെ കടിയേറ്റ് 10 പേർ എത്തിയിരുന്നു. എന്നാൽ, പ്രതിരോധ മരുന്നിെല്ലന്ന് പറഞ്ഞ് ഇവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു അധികൃതർ. വനമേഖല കൂടിയായതിനാൽ മറ്റിടങ്ങളെക്കാൾ കൂടുതൽ ആളുകൾക്ക് ഈ മേഖലയിൽ പേവിഷ ബാധയേൽക്കാറുണ്ട്. നായ്, പൂച്ച ഇവയെ കൂടാതെ കുരങ്ങ്, മറ്റു കാട്ടുജീവികൾ എന്നിവയുടെ ആക്രമണത്തിന് വിധേയരായവരും ചികിത്സക്ക് എത്താറുണ്ട്. അച്ചൻകോവിൽ അടക്കം 50 കിലോമീറ്ററുകൾ വരെ ആകലെ നിന്ന് വളരെ ബുദ്ധിമുട്ടി പേവിഷത്തിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴാണ് മരുന്നിെല്ലന്ന വിവരം അറിയുന്നത്. ഇവർക്ക് പ്രാഥമികമായി ടി.ടി എടുത്ത ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. പേപ്പട്ടിയുടെ കടിയേൽക്കുകയാണെങ്കിൽ നാലു പ്രതിരോധ കുത്തിവെപ്പ് എടുക്കണം. മൂന്നും നാലും ദിവസം ഇടവിട്ട് രാവിലെ കുത്തിവെപ്പ് എടുക്കേണ്ടിവരും. ഈ ദിവസങ്ങളിലെല്ലാം മെഡിക്കൽ കോളജിലോ ജില്ല ആശുപത്രിയിലോ രാവിലെ എത്തിപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. പേവിഷബാധക്കുള്ള പ്രതിരോധ മരുന്ന് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നതായും അടുത്തിടെയാണ് തീർന്നതെന്നും സൂപ്രണ്ട് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.