തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർ ഡി.ജി.പിയുടെ സർക്കുലർ അവഗണിക്കുന്നതും കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകൾ കാറ്റിൽപറത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചെന്നാരോപിച്ച് വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി അട്ടക്കുളങ്ങരയെയും (35), പാർട്ടി പ്രവർത്തകൻ അമ്പലത്തറ സ്വദേശി അസ്ലമിനെയും (32) കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവം സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും. സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ഷാജി അട്ടക്കുളങ്ങരയുടെ ബന്ധുക്കളും പരാതിയുമായി കമീഷനെ സമീപിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസ് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പോലും പല പൊലീസുദ്യോഗസ്ഥർക്കും അറിയില്ലെന്നും കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. വാഹനം പരിശോധിക്കുന്ന പൊലീസുകാർ തോന്നുന്ന മട്ടിലാണ് ജനങ്ങളോട് പെരുമാറുന്നതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.