പോളിടെക്നിക് അനിശ്ചിതകാലത്തേക്ക് അടച്ചു

അടച്ചിടാനുള്ള പ്രിന്‍സിപ്പലി​െൻറ ഏകപക്ഷീയ നടപടിയില്‍ പരക്കെ അമര്‍ഷം വട്ടിയൂര്‍ക്കാവ്: വിദ്യാര്‍ഥികള്‍ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗവണ്‍മ​െൻറ് സെന്‍ട്രല്‍ പോളിടെക്നിക് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഏതാനുംദിവസങ്ങളായി കോളജില്‍ നടന്നുവന്ന ക്രിക്കറ്റ് മത്സരത്തെ ചൊല്ലി കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതർക്കം പരിധി വിട്ട് കൈയാങ്കളിയില്‍ എത്തിയതോടെയാണ് സ്ഥാപനം അടച്ചിടാന്‍ പ്രിന്‍സിപ്പല്‍ ചൊവ്വാഴ്ച നിര്‍ദേശംനല്‍കിയത്. മത്സരത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗക്കാരാണ് ജേതാക്കളായത്. ജേതാക്കള്‍ക്കെതിരെ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പ്രചരിപ്പിച്ചതാണ് തര്‍ക്കത്തിലും ചെറിയതോതിലുള്ള തമ്മിലടിയിലും കലാശിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടാവുകയും ഉന്തിലുംതള്ളിലും കലാശിക്കുകയും ചെയ്തിരുന്നു. അതിന് തുടര്‍ച്ചയായി ചൊവ്വാഴ്ചയും സമാനസംഭവം അരങ്ങേറിയതോടെയാണ് സ്ഥാപനം അടച്ചിടാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയത്. അതേസമയം കാമ്പസിനുള്ളില്‍ രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാതെ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചിട്ട പ്രിന്‍സിപ്പലി‍​െൻറ ഏകപക്ഷീയമായ നടപടി പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് സ്ഥാപനം അടച്ചിടുന്നതോടെ വിദ്യാര്‍ഥികളുടെ ഹാജര്‍നില കുറയുമെന്നും നിശ്ചിത ഹാജര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മ​െൻറ് സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ഇതിന് മുമ്പും നിരവധിതവണ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം കാരണം സ്ഥാപനം അടച്ചിട്ടിട്ടുണ്ടെങ്കിലും നിലവില്‍ സ്ഥാപനം അടയ്ക്കാനുള്ള സാഹചര്യങ്ങള്‍ കുരവായിരുന്നെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അഭിപ്രായം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളും വഴക്കും തമ്മിലടിയും ചൂണ്ടിക്കാട്ടി വട്ടിയൂര്‍ക്കാവ് പൊലീസിൽ സ്ഥാപനം അധികൃതരോ വിദ്യാര്‍ഥികളോ പരാതി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.