എ.ടി.എം കവർച്ച: പ്രതികൾ രാജസ്​ഥാൻ സംഘമെന്ന്​ സൂചന

*കവർച്ച നടത്തിയത് നാലംഗ സംഘമെന്ന് * സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു കൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് ലക്ഷങ്ങൾ കവർന്നത് രാജസ്ഥാനിൽനിന്നെത്തിയ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ കവർച്ചക്കെത്തിയ കാറിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ സംസ്ഥാനം വിടാതിരിക്കുന്നതിനായി പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊട്ടിയം മുതൽ കണ്ണനല്ലൂർവരെ റോഡരികിലുള്ള ഏതാനും സ്ഥാപനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നിരീക്ഷണ കാമറകളിൽനിന്നാണ് മോഷ്ടാക്കൾ എത്തിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചത്. പുലർച്ചെ മൂന്നിനാണ് കവർച്ച നടന്നതെന്നാണ് കൊള്ളയടിക്കപ്പെട്ട എ.ടി.എമ്മിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കിൽനിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. പതിനഞ്ച് മിനിറ്റുകൊണ്ട് ഓപറേഷൻ പൂർത്തിയാക്കിയാണ് സംഘം മടങ്ങിയത്. നാലംഗസംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. മുഖമാകെ ടവ്വലിട്ട് മൂടിയനിലയിലുള്ള രണ്ടുപേരുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എ.ടി.എം മെഷീനുകൾ നിർമിക്കുന്ന കമ്പനികളുമായി ബന്ധമുള്ളവർക്കുമാത്രമേ ഇത്തരത്തിൽ എ.ടി.എം തകർക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് കരുതുന്നത്. സംസ്ഥാനത്ത് മുമ്പ് ഇത്തരത്തിൽ എ.ടി.എം കൊള്ള നടന്നിട്ടുള്ള സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും തഴുത്തലയിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും െപാലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്തുന്നത് ഉത്തരേന്ത്യക്കാരാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ തഴുത്തലയിലുള്ള ഇന്ത്യാ വൺ എ.ടി.എം തകർത്ത് ആറു ലക്ഷത്തിലധികം രൂപ കവർന്നത്. കമീഷൻ വ്യവസ്ഥയിൽ ബാങ്കുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയുടേതാണ് എ.ടി.എം. സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ സംഘവും ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘവുമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.