അഷ്​ടമുടി ഇന്ന്​ ചിലമ്പണിയും

കൊല്ലം: അഷ്ടമുടിയുടെ തീരത്ത് വിസ്മയം വിടരാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള സർവകലാശാല യുവജനോത്സവത്തിന് ചൊവ്വാഴ്ച ദേശിംഗനാട്ടിൽ അരങ്ങുണരുന്നതോടെ ഇനി അഞ്ച് ദിനരാത്രങ്ങൾ കൊല്ലത്ത് കലക്കും യുവത്വത്തിനും ആഘോഷം. ഉച്ചക്ക് രണ്ടിന് ചിന്നക്കട പാർവതി മില്ലിന് മുന്നിൽ നിന്ന് ഘോഷയാത്രേയാടെ കലാമാമാങ്കത്തിന് തുടക്കമാവും. വൈകീട്ട് അഞ്ചിന് എസ്.എൻ കോളജിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ എം. മുകേഷ് എം.എൽ.എ, സുരഭി, പ്രിയങ്ക, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ. സോമപ്രസാദ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, ജില്ല കലക്‌ടർ എസ്. കാർത്തികേയൻ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സർവകലാശാലയുടെ കീഴിലെ 250ൽ അധികം കോളജുകളിൽനിന്ന് അയ്യായിരത്തിലധികം പ്രതിഭകൾ 96ഓളം ഇനങ്ങളിലാണ് പങ്കെടുക്കുന്നത്. ഒമ്പത് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. കൊല്ലത്തി​െൻറ പ്രതിഭകളായിരുന്ന ഒ.എൻ.വി, മടവൂർ വാസുദേവൻ നായർ, ജി. ദേവരാജൻ മാസ്‌റ്റർ, ഭരത് മുരളി, വി. സാംബശിവൻ, ഒ. മാധവൻ, കെ.പി. അപ്പൻ, കാക്കനാടൻ, ജയപാലപണിക്കർ എന്നിവരുടെ പേരിലാണ് ഓരോ വേദിയും. എല്ലാ ദിവസവും ഓപൺ ഫോറങ്ങൾക്കൊപ്പം എസ്.എൻ കോളജിൽ എക്‌സിബിഷനും സംഘടിപ്പിക്കും. എസ്.എൻ കോളജിെല ഒ.എൻ.വി നഗർ ആണ് പ്രധാന വേദി. കലാമാമങ്കം 24ന് കൊടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.