2020ഒാടെ മാതൃമരണനിരക്കും ശിശുമരണനിരക്കും കുറക്കും 22 കർമസമിതികൾ രൂപവത്​കരിച്ചു

തിരുവനന്തപുരം: പകർച്ചവ്യാധി നിർമാർജനമുൾപ്പെടെ 2020 മുതൽ 2030ഒാടെ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. അതിലേക്ക് അക്കാദമിക്, ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റിവ് രംഗത്തുള്ള വിദഗ്ധരുടെ 22 കർമസമിതികളും രൂപവത്കരിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ മന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത എന്നിവർ പദ്ധതികൾ വിശകലനം ചെയ്തു. മാതൃമരണനിരക്ക് 61ൽനിന്ന് 30ലേക്ക് കുറച്ചുകൊണ്ടുവരാനും ശിശുമരണനിരക്ക് 12ൽനിന്ന് എട്ടാക്കാനും പദ്ധതി പ്രത്യേകം ഉൗന്നൽ നൽകുന്നു. തദ്ദേശീയ മലമ്പനി 2020ഒാടെ നിർമാർജനം ചെയ്യുകയും 2018 അവസാനത്തോടെ മലമ്പനിമൂലമുള്ള മരണം ഇല്ലാതാക്കുകയും ചെയ്യും. മന്തുരോഗ നിവാരണത്തി​െൻറ ഭാഗമായി എല്ലാ ജില്ലയിലും മൈക്രോഫൈലേറിയ സാന്നിധ്യം ഒരു ശതമാനത്തിൽ താഴെയാക്കും. കുഷ്ഠരോഗത്തി​െൻറ സാന്നിധ്യനിരക്കും 0.1 ആക്കും. കുട്ടികളിൽ കണ്ടുവരുന്ന കുഷ്ഠരോഗം 1.17 മില്യണിൽനിന്ന് 0.6 മില്യണാക്കി കുറക്കും. ക്ഷയരോഗബാധിതരുടെ എണ്ണത്തിൽ 2020ഒാടെ 20 ശതമാനം കുറവും 2030ഒാടെ 80 ശതമാനം കുറവും വരുത്തുകയാണ് ലക്ഷ്യം. ക്ഷയരോഗമരണത്തിൽ 2020ഒാടെ 35 ശതമാനം കുറവും 2030ഒാടെ 90 ശതമാനം കുറവും വരുത്തും. കൂടാതെ 2020ഒാടെ ക്ഷയരോഗ ചികിത്സ സാർവത്രികമായി സൗജന്യമാക്കാനും ലക്ഷ്യമിടുന്നു. ടൈഫോയ്ഡ്, വയറിളക്കം, മഞ്ഞപ്പിത്തം മുതലായവ 50 ശതമാനമായി കുറക്കാനും എല്ലാ കുഞ്ഞുങ്ങൾക്കും െഹെപ്പെറ്റെറ്റിസ് ബി വാക്സിനേഷൻ ഉറപ്പുവരുത്തുകയും ചെയ്യും. ജീവിതശൈലീരോഗങ്ങൾ കണ്ടെത്തുന്നതിനും കുറക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡിപ്രഷൻ- ഡയബറ്റിക് ക്ലിനിക്കുകൾ ആരംഭിക്കും. മാനസികാരോഗ്യം, ദന്താരോഗ്യം, അർബുദം, നേത്രരോഗം എന്നീ രോഗങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപും ചികിത്സയും പ്രതിരോധ മാർഗങ്ങളും വ്യാപകമാക്കും. ശിൽപശാലയിൽ ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.