മഹാരാഷ്​ട്ര കർഷക സമരം നാഴികക്കല്ലെന്ന്​ കോടിയേരി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ കര്‍ഷകർ നടത്തിയ സമരം രാജ്യത്തെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആത്മഹത്യയല്ല, പോരാട്ടമാണ് പരിഹാരമെന്ന് ചരിത്രമായി മാറിയ മാര്‍ച്ചിലൂടെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ തെളിയിച്ചു. ഈ സമരത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് രാജ്യവ്യാപകമായി കര്‍ഷകരും തൊഴിലാളികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കേന്ദ്രസര്‍ക്കാറി‍​െൻറ കടുത്ത അവഗണന നേരിടുന്ന തൊഴിലുറപ്പ് തൊഴിലാളികളും ഈ പോരാട്ടത്തില്‍ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂനിയ‍​െൻറ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ബി.ജെ.പി കേന്ദ്രത്തിൽ ഭരണത്തിൽ വന്ന ശേഷം തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി പണം വകയിരുത്തിയില്ല. കേരളത്തില്‍ 33 ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തത്. വര്‍ഷത്തില്‍ 150 തൊഴില്‍ ദിനങ്ങള്‍ വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന പണം ഒന്നിനും തികയില്ല. റേഷന്‍ സംവിധാനമായിരുന്നു ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നതെങ്കിൽ ഭക്ഷ്യഭദ്രതാ നിയമം അടിച്ചേല്‍പ്പിച്ചതുവഴി റേഷന്‍ സംവിധാനം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുപോലെ റേഷന്‍ ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന 258 രൂപ 500 രൂപയായെങ്കിലും ഉയര്‍ത്തണം. ഇതിനായി കേന്ദ്രവിഹിതം വര്‍ധിപ്പിക്കണം. മൂന്നുമാസത്തെ കൂലി ഇപ്പോള്‍ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എസ്. രാജേന്ദ്രന്‍, എം.വി. ബാലകൃഷ്ണന്‍, സൂസന്‍ കോടി, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, അജയകുമാര്‍, പി.പി. സംഗീത, ഭവനാഥന്‍, സവിതാ ബീഗം, വി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.