ടെക്​നോപാർക്കിലെ പരിശോധന വിവാദം; ഭക്ഷ്യസുരക്ഷാ കമീഷണർക്ക്​ സ്​ഥാനചലനം

തിരുവനന്തപുരം: ടെക്നോപാർക്കിലെ പരിശോധനക്ക് നേതൃത്വം നൽകിയ ഭക്ഷ്യസുരക്ഷ കമീഷണർക്ക് ദിവസങ്ങൾക്കുള്ളിൽ സ്ഥാനചലനം. ഭക്ഷ്യസുരക്ഷാ കമീഷണറുടെ ചുമതലയുണ്ടായിരുന്ന വീണാമാധവനെ മാറ്റി പകരം എം.ജി. രാജമാണിക്യത്തിന് ചുമതല നൽകി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാേയാഗമാണ് തീരുമാനം കൈക്കൊണ്ടത്. ടെക്നോപാർക്ക് ഫേസ് ത്രീയിലെ കമ്പനികളിൽ ഭക്ഷ്യസുരക്ഷവിഭാഗം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിശോധന നടത്തിയത്. മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിക്കുകയും ഏതാണ്ട് രണ്ടുലക്ഷത്തോളം രൂപ പിഴയിടുകയും ചെയ്തു. ഇത് സ്പെഷൽ ഇക്കണോമിക് സോൺ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ടെക്നോപാർക്ക് അധികൃതർ രംഗത്തുവരികയും വിഷയം വിവാദമാവുകയും ചെയ്തു. ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗവും ടെക്നോപാർക്ക് അധികൃതരും തമ്മിൽ തുറന്നപോരായി. തങ്ങൾക്ക് പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചപ്പോൾ സ്പെഷൽ ഇക്കണോമിക് സോണിൽ പരിശോധിക്കാൻ അധികാരമില്ലെന്ന് ടെക്നോപാർക്ക് അധികൃതരും ചൂണ്ടിക്കാട്ടി. ഒടുവിൽ വിഷയം പരാതിയായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. െഎ.ടി കമ്പനികളിലെ പാചകസംവിധാനമില്ലാത്ത പാൻട്രികളിൽ കയറി ജീവനക്കാർ വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത് പിഴയീടാക്കിയ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് പരാതിയിൽ അവർ ചൂണ്ടിക്കാട്ടിയത്. തുടർനടപടിയായാണ് വീണാമാധവ​െൻറ സ്ഥാനചലനത്തെ ഇപ്പോൾ കാണുന്നത്. ഐ.ടി കമ്പനികളിലും അവയുടെ പാൻട്രികളിലും കടന്നുകയറാൻ മുൻകൂർ അനുമതി ആവശ്യമാണെന്നാണ് ടെക്നോപാർക്കി​െൻറ വാദം. എന്നാൽ, റെയിൽവേ, എയർഫോഴ്സ്, സി-പോർട്ട് എന്നിവിടങ്ങളിൽ മാത്രമാണ് പരിശോധനക്ക് നിയന്ത്രണമുള്ളതെന്നും മറ്റിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധിക്കാൻ ഒരു നിയന്ത്രണവുമില്ലെന്നും ഭക്ഷ്യസുരക്ഷ വിഭാഗം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.